കൊച്ചിയിലെ സംയോജിത മെട്രൊ ജലഗതാഗത പദ്ധതി: ചുമതല എയ്‌കോമിന്
കൊച്ചി: കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന മെട്രൊ ജലഗതാഗത പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റായി എയ്‌കോം. എയ്‌കോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡ്, സെബക് മറൈന്‍ കണ്‍സള്‍ട്ടന്‍്‌സ് സര്‍വീസ് എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതിയുടെ നിര്‍വഹണം.
ജര്‍മന്‍ വികസന ബാങ്കിന്റെ സാമ്പത്തികസഹായത്തോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡാണ് (കെ.എം.ആര്‍.എല്‍) പദ്ധതി നടപ്പാക്കുന്നത്. ജര്‍മന്‍ ബാങ്കിന്റെയും കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെയും അനുമതി ലഭിച്ചാല്‍ ഇവര്‍ക്കു നിര്‍മാണം തുടങ്ങാനാകും.
പദ്ധതി താമസമില്ലാതെ നടപ്പാക്കാനാകുമെന്നു കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഒരു വര്‍ഷത്തിനകം പദ്ധതിയുടെ ആദ്യഘട്ടത്തിനാവശ്യമായ ബോട്ടുകള്‍ കൊച്ചിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജലമെട്രോയുടെ റൂട്ടുകള്‍ തീരുമാനിക്കുന്നതു കണ്‍സോര്‍ഷ്യമാണ്. ബോട്ടുകള്‍ വാങ്ങല്‍, ജെട്ടികളുടെ നിര്‍മാണം എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തിലായിരിക്കും.
ബോട്ടുജെട്ടികള്‍ക്ക് അനുബന്ധമായും സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പദ്ധതിയ്ക്കായി യു.എം.ടി.സി.യുടെ നേതൃത്വത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ സാധ്യത വിലയിരുത്തേണ്ടതും ജനറല്‍ കണ്‍സള്‍ട്ടന്റാണ്.
പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ച് 15 കമ്പനികളാണു രംഗത്തെത്തിയിരുന്നത്. നാലുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. 747 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 72 കോടി രൂപയാണു ഭൂമി ഏറ്റെടുക്കലിനായി മാറ്റിവെക്കുന്നത്. 597 കോടി രൂപ ജര്‍മന്‍ ബാങ്കായ കെ എഫ് ഡബ്ലൂവിന്റെ വായ്പയും 102 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവഴിക്കും. രണ്ടു ഘട്ടങ്ങളായാണു പദ്ധതി പൂര്‍ത്തീകരിക്കുക.
കൊച്ചി മെട്രോയുമായി ജലപാതകളെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് സംയോജിത ജല ഗതാഗത വികസന പദ്ധതിക്ക് രൂപം നല്‍കിയത്. അരൂര്‍ മുതല്‍ വാരാപ്പുഴ വരെയുള്ള പ്രദേശങ്ങള്‍ക്കൊപ്പം ഒറ്റപ്പെട്ട ദ്വീപുകളെയും ജലപാതയിലൂടെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കും. മെട്രോ റെയിലും ജലപാതയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണിത്. മെട്രോയുമായി ബന്ധിപ്പിക്കുന്നതോടെ ടൂറിസം മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണു വിലയിരുത്തല്‍.
ആധുനിക സൗകര്യത്തോടെയായിരിക്കും ജലപാതയുടെ നിര്‍മാണം. അത്യാധുനിക സുരക്ഷ ക്രമീകരണങ്ങളും ആധുനിക ബോട്ട് ജെട്ടികളും വൈ ഫൈ സൗകര്യവും അടങ്ങുന്നതായിരിക്കും. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ നീളുന്ന മെട്രോ ജലപാത. 10 ദ്വീപുകളിലായി 38 ബോട്ട് ജെട്ടികളുമുണ്ടാകും. 18 പ്രധാന ജെട്ടികളും 20 ചെറിയ ബോട്ടുകളുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."