പ്ലാസ്മ തെറാപ്പിയിലൂടെ കേരളത്തില്‍ ആദ്യ കൊവിഡ് മുക്തി മലപ്പുറത്ത്: വിനീതിലൂടെ ജീവിതത്തിലേക്ക് സൈനുദ്ദീന്‍ ബാഖവി
മഞ്ചേരി: മഹാമാരിക്കാലത്തും നിലയ്ക്കാത്ത പരസ്പരാശ്രയത്വത്തിന്റെ കൈത്തലം നീട്ടി വിനീത്. ഒടുവില്‍ സ്‌നേഹക്കരുതലിന്റെ ഫലം വന്നപ്പോള്‍ വിനീത് ജീവിതത്തില്‍ ആദ്യമായി നിറഞ്ഞുചിരിച്ചു, മനസ്സറിഞ്ഞ്. ആ വാര്‍ത്ത കേട്ടപ്പോള്‍ അത്രമേല്‍ സന്തോഷം വന്നുചേര്‍ന്നെന്നു വിനീത് പറയുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗിയില്‍ നടത്തിയ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യമായി വിജയം കണ്ടപ്പോള്‍ എടപ്പാള്‍ കോലൊളുമ്പ് കല്ലൂര്‍ വീട്ടില്‍ വിനീത് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
തന്റെ പ്ലാസ്മ കൊണ്ട് മറ്റൊരാള്‍ ജീവിതം തിരിച്ചുപിടിക്കുമ്പോള്‍ ആരാണ് സന്തോഷിക്കാതിരിക്കുക-വിനീത് ചോദിക്കുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃത്താലയിലെ പടിഞ്ഞാറങ്ങാടി ഒതളൂര്‍ സൈനുദ്ദീന്‍ ബാഖവി(50)ക്കാണ് പ്ലാസ്മ നല്‍കിയത്. ചികിത്സ സമ്പൂര്‍ണ വിജയം കാണുകയും സൈനുദ്ദീന്‍ ബാഖവി ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായി വിജയിച്ചത് മഞ്ചേരിയിലാണ്. അതാകട്ടെ, മലപ്പുറത്തിന്റെ പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്ന മതസൗഹാര്‍ദത്തിന്റെ ആവര്‍ത്തനവുമായി. മസ്‌ക്കറ്റില്‍നിന്ന് കഴിഞ്ഞ ആറിനു നാട്ടിലെത്തിയ സൈനുദ്ദീന്‍ ബാഖവിക്ക് 13 നാണു രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ചതിനാല്‍ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. അത്യാസന്ന നിലയിലായതോടെ പ്ലാസ്മ തെറാപ്പിയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായി.
ചികിത്സയ്ക്ക് സമാന രക്തഗ്രൂപ്പിലുള്ള കൊവിഡ് ഭേദമായവരുടെ രക്തമാണു വേണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് രോഗം ഭേദമായവരുടെ പട്ടിക പരിശോധിച്ച് വിനീതിനെ കണ്ടെത്തുകയായിരുന്നു. നേരത്തെ, ചെന്നൈയില്‍ നിന്ന് വന്ന വിനീതിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി നിരീക്ഷണത്തില്‍ കഴിയവെയാണ് മലപ്പുറം നോഡല്‍ ഓഫിസര്‍ ഡോ.ഷിനാസ് ബാബുവിന്റെ വിളി വിനീതിനെ തേടിയെത്തിയത്.
പൂര്‍ണമനസോടെ ഉടന്‍ തന്നെ വിനീത് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു.
ഇന്നലെ പൂര്‍ണ ആരോഗ്യവാനായി സൈനുദ്ദീന്‍ ബാഖവി ആശുപത്രി വിട്ടപ്പോള്‍ കുടുംബം വിനീതിനെ ചേര്‍ത്തുപിടിച്ച് നന്ദി പറഞ്ഞു. വിനീതിന്റെ കൈപിടിച്ച് പ്രാര്‍ഥനയെന്നും കൂടെയുണ്ടാകുമെന്ന് ബാഖവിയുടെ ഉറപ്പും. എല്ലാം കണ്ടും കേട്ടും നിന്ന ശേഷം വിനീതിന്റെ ചോദ്യം 'ഇത് അത്ര വലിയ കാര്യമാണോ, ഞാന്‍ കുറച്ചു രക്തമല്ലേ കൊടുത്തുള്ളൂ'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."