മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി
അങ്ങാടിപ്പുറം-വലമ്പൂര്‍ ഭാഗങ്ങളില്‍ നൂറോളം പേര്‍ ചികിത്സയില്‍
പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാംപ് നടത്തും
വ്യാജ ചികിത്സകള്‍ രോഗികളെ ബാധിക്കുന്നതായി ഡി.എം.ഒ
മലപ്പുറം: മഞ്ഞപ്പിത്ത ചികിത്സയെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ ചികിത്സകള്‍ കരളിനെ ഗുരുതരമായി ബാധിക്കുന്നതായി ഡി.എം.ഒ ഡോ. കെ. സക്കീന. മഞ്ഞപ്പിത്ത മരുന്നെന്ന പേരില്‍ നല്‍കുന്ന ബസ്മം കരള്‍ രോഗമുണ്ടാക്കുന്നുണ്ട്. പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന പച്ചമരുന്നുകള്‍ക്കു പുറമേ ചിലയിടങ്ങളില്‍നിന്നു രോഗികള്‍ക്ക് മരുന്നായി നല്‍കുന്ന ഇത്തരത്തിലുള്ളവ ഉപയോഗിക്കരുതെന്നും ഡി.എം.ഒ പറഞ്ഞു.
മങ്കട ബ്ലോക്കിനു കീഴില്‍ മഞ്ഞപ്പിത്തം പടരുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ശക്തമായ ബോധവല്‍ക്കരണവും തുടര്‍പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. രോഗലക്ഷങ്ങള്‍ കണ്ടാല്‍ ചികിത്സയും മൂന്നാഴ്ചവരെ വിശ്രമവും ആവശ്യമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിണര്‍ ക്ലോറിനേഷനടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
മലപ്പുറം: മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ച മങ്കട ബ്ലോക്കില്‍ രോഗ സ്ഥിരീകരണത്തിനും തുടര്‍ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാംപ് നടത്തും. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം ആരോഗ്യവകുപ്പിനു കീഴില്‍ ശേഖരിച്ചുതുടങ്ങി. ഞായറാഴ്ചയാണ് ആരോഗ്യ ക്യാംപ് സംഘടിപ്പിക്കുന്നത്.
മങ്കട ബ്ലോക്കിനു കീഴിലെ അങ്ങാടിപ്പുറം വലമ്പൂരിലാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചു യുവാവ് മരിച്ചത്. അങ്ങാടിപ്പുറം ഭാഗങ്ങളിലായി നൂറോളം പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു ജില്ലാ ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധനാ സംഘം ഇന്നലെ പ്രദേശത്തത്തി. ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മാഈലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. രോഗം പടരുന്നതിനുള്ള സാഹചര്യവും കുടിവെള്ളമുള്‍പ്പെടെ ശുചിത്വ കാര്യങ്ങളും ചികിത്സയിലുള്ളവരുടെ എണ്ണവും സംഘം പരിശോധിച്ചു.
ഇവര്‍ക്കു പുറമേ, മങ്കട ബ്ലോക്കിനു കീഴിലെ പി.എച്ച്.സികളുടെ നേതൃത്വത്തിലും പ്രത്യേക സ്‌ക്വാഡുകള്‍ പ്രദേശങ്ങളില്‍ പരിശോധനയ്‌ക്കെത്തി. ബ്ലോക്കിനു കീഴിലുള്ള പത്തോളം പി.എച്ച്.സികളിലും രോഗസാധ്യതകളെക്കുറിച്ചു വിലയിരുത്താനും ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടല്‍, കൂള്‍ബാറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വീടുകളിലും ശേഖരിക്കുന്ന കുടിവെള്ളവും പരിശോധനയ്ക്കു ശേഷമേ ഉപയോഗിക്കാവൂവെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായതിനാല്‍ കിണറുകളിലെ ജലദൗര്‍ലഭ്യം കാരണം ശുദ്ധീകരണത്തിനു പ്രയാസമാണ്. പ്രദേശത്തെ എല്ലാ കുടിവെള്ള പദ്ധതികളിലും ജല പരിശോധന നടത്തി ഉറപ്പുവരുത്താനാണ് നിര്‍ദേശം.
മാര്‍ച്ചില്‍ വലമ്പൂരിലെ പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകനും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുപതോളം കുട്ടികളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ഇതു പള്ളിയിലെ ഹൗളിലെ വെള്ളത്തില്‍നിന്നു പടര്‍ന്നുപിടിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍, പള്ളിയിലെ ഹൗളും മറ്റും വൃത്തിയാക്കിയെങ്കിലും പ്രദേശത്തു മഞ്ഞപ്പിത്തം വ്യാകമായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികളിലും യുവാക്കളിലുമാണ് മഞ്ഞപ്പിത്തം ഏറെയും കണ്ടുവരുന്നത്.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിക്കരുത്
കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുമുക്തമാക്കുക
വ്യക്തി, പരിസര ശുചിത്വം കര്‍ശനമായി പാലിക്കുക
തണ്ണിമത്തന്‍, പൈനാപ്പിള്‍ മുതലായവ കടകളില്‍ മുറിച്ചു പ്രദര്‍ശിപ്പിക്കരുത്
ആഹാരസാധനങ്ങളില്‍ ഈച്ച ഇരിക്കാതെ അടച്ചു സൂക്ഷിക്കുക
പുതിയതും കേടുവരാത്തതുമായ ആഹാര പദാര്‍ഥങ്ങള്‍ മാത്രം വിതരണം ചെയ്യുക
മത്സ്യം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസ് ശീതളപാനീയങ്ങളില്‍ ഉപയോഗിക്കരുത്
ചൂടുവെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് കഴിക്കാന്‍ നല്‍കരുത്
മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങള്‍ എന്നിവ ഏറ്റവും പുതിയതും നല്ലതും വാങ്ങി ഉപയോഗിക്കുക
മത്സ്യ-മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ വൃത്തിയോടെ സൂക്ഷിക്കണം
രോഗികള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ പൂര്‍ണ വിശ്രമമെടുക്കണം
രോഗിയുടെ പാത്രം, ഗ്ലാസ് എന്നിവ മാറ്റിവയ്ക്കുക
മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."