ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കൈയേറാന്‍ ശ്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കി: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെ പ്രദേശം കയ്യേറാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്ക് മൈത്രി പുലര്‍ത്താനുമറിയാം, തറപ്പിച്ചു നോക്കാനുമറിയാം, ഉചിതമായ മറുപടി കൊടുക്കാനുമറിയാം.
തങ്ങള്‍ ഒരിക്കലും രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കാനനുവദിക്കില്ലെന്ന് നമ്മുടെ വീരസൈനികര്‍ കാട്ടിക്കൊടുത്തുവെന്നും നരേന്ദ്രമോദി പറഞ്ഞു. കഷ്ടപ്പാടിന്റെ സമയത്ത് നമ്മള്‍ ലോകത്തെ സഹായിച്ചതിലൂടെ ശാന്തിയിലും വികസനത്തിലും ഇന്ത്യയുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കുന്നതിന് നമ്മുടെ ശക്തിയും നിശ്ചയദാര്‍ഢ്യവും ലോകം മനസിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയുടെ ഈ ആപത്തുകാലത്ത് രാജ്യം ലോക്ക് ഡൗണില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൊറോണയെ പരാജയപ്പെടുത്തുക, സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുക, അതിനെ ശക്തിപ്പെടുത്തുക. ലോക്ക് ഡൗണ്‍ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ജാഗരൂകത അണ്‍ലോക്ക് കാലത്ത് വച്ചു പുലര്‍ത്തണം. കൊറോണ വൈറസ് തീര്‍ച്ചയായും നമ്മുടെ ജീവിത രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൊറോണ പോലെയൊരു വിപത്ത് വന്നുഭവിക്കുമെന്നും അതിനെതിരേയുള്ള പോരാട്ടം ഇത്ര നീണ്ടതായിരിക്കുമെന്നും ആര്‍ക്കും അറിയില്ലായിരുന്നു. രാജ്യം നിത്യേന പുതിയ വെല്ലുവിളികളെയും നേരിടുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ്, രാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ ഉംപുന്‍ ചുഴലിക്കാറ്റു വന്നു, പശ്ചിമതീരത്ത് നിസര്‍ഗ എന്ന ചുഴലിക്കാറ്റു വന്നു.
എത്രയോ സംസ്ഥാനങ്ങളില്‍ നമ്മുടെ കര്‍ഷകരായ സഹോദരീ സഹോദരര്‍ വെട്ടുകിളികളുടെ ആക്രമണത്തില്‍ കഷ്ടപ്പെടുന്നു. ഇതിനെല്ലാമപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ ശമിക്കുന്നതേയില്ല. ഇതിനെല്ലാമിടയില്‍ ചില അയല്‍ക്കാര്‍ കാരണമുണ്ടാകുന്ന വെല്ലുവിളികളെയും നേരിടുകയാണ്- മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."