ഏഴുവയസുകാരന് ക്രൂര മര്‍ദനം; കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റുവാങ്ങിയ ഏഴ് വയസുകാരന്റെ നില മാറ്റമില്ലാതെ തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഇന്നലെ ഒരാഴ്ച പിന്നിട്ടപ്പോള്‍ ആരോഗ്യനിലയില്‍ പ്രതീക്ഷക്ക് വക നല്‍കുന്ന യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. കുട്ടിക്ക് സ്വന്തമായി ശ്വാസമെടുക്കാനാകുന്നില്ല, ശരീരത്തിന് ഇതുവരെ യാതൊരു ചലനവും ഉണ്ടായിട്ടില്ല.
ദ്രവരൂപത്തില്‍ ആഹാരം നല്‍കുന്നുണ്ട്. വയറിനും ശ്വാസകോശത്തിനും പരിക്കേറ്റതും നില അതീവ ഗുരുതരമാക്കി. മദ്യലഹരിയില്‍ മാര്‍ച്ച് 27ന് രാത്രിയാണ് തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. അടിച്ച ശേഷം നിലത്ത് വീണ കുട്ടി എഴുന്നേറ്റപ്പോള്‍ കാലിന് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. അലമാരയുടെ വക്കില്‍ തലയിടിച്ച കുട്ടിയുടെ തലയോട്ടിക്ക് പിന്നിലായി രണ്ട് പൊട്ടല്‍ ഉണ്ടായി രക്തം പുറത്ത് വന്നു. ഇതിന് ശേഷവും മര്‍ദ്ദനം തുടര്‍ന്നു.
തലച്ചോറിനുള്ളില്‍ കെട്ടിയ രക്തം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കാന്‍ നോക്കിയെങ്കിലും ആരോഗ്യനില കൂടുതല്‍ വശളാക്കി. ഇനി പ്രതീക്ഷ വേണ്ടെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നതെങ്കിലും വിദഗ്ധ സംഘം കുറച്ച് ദിവസം കൂടി വെന്റിലേറ്ററിന്റെ സഹായത്തോടെ തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
3.5 വയസുള്ള ഇളയകുട്ടിക്കും ഉടുമ്പന്നൂര്‍ സ്വദേശിനായായ അമ്മക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. പരിശോധനയിലും ചോദ്യം ചെയ്യലിലും നാളുകളായി ഇയാള്‍ മര്‍ദനം തുടരുകയായിരുന്നെന്ന് കണ്ടെത്തി. കുട്ടികളുടെ ദേഹത്ത് സിഗരറ്റ് വെച്ച് പൊള്ളിച്ചതും അടിയേറ്റ പാടുകളും കണ്ടെത്തി. ഇളയകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പ്രതിക്കെതിരെ പോക്‌സോയും ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."