ലോക്ക്ഡൗണില്‍ ഒരു അതിജീവന പാഠം...
ചേര്‍ത്തല: ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടതോടെ അമേരിക്കന്‍ കപ്പലിലെ ഷെഫ് ആയിരുന്ന കണിച്ചുകുളങ്ങര കടുത്താനത്ത് ബിബോഷ് മറ്റൊന്നും ആലോചിച്ചില്ല. അതിജീവനത്തിനായി അണിഞ്ഞത് തട്ടുകടക്കാരന്റെ വേഷം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കടുത്താനത്ത് ബാബുവിന്റെയും ഷീലയുടെയും മകനും 37 കാരനുമായ ബിബോഷ് ദേശീയപാതയോരത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് സമീപമാണ് തട്ടുകട തുടങ്ങിയിട്ടുള്ളത്.
ആറ് വര്‍ഷത്തോളമായി അമേരിക്കല്‍ യാത്രാകപ്പലില്‍ ഷെഫായി ജോലിചെയ്യുകയായിരുന്നു ബിബോഷ്. അവധിക്ക് നാട്ടിലെത്തിയശേഷം തിരികെ പോകാന്‍ മാര്‍ച്ച് പത്തിന്ടിക്കറ്റ് ബുക്കുചെയ്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന സര്‍വിസ് നിര്‍ത്തിയതായി അറിയുന്നത്. സ്ഥിതിഗതി മാറുമെന്ന പ്രതീക്ഷയോടെ ദിവസങ്ങള്‍ തള്ളിനീക്കി. നാലുമാസത്തോളം കാത്തിരിപ്പ് നീണ്ടതോടെ പ്രതീക്ഷയും അസ്തമിച്ചു.
തിരിച്ചുപോക്ക് സ്വപ്നം മാത്രമായ ഘട്ടത്തിലാണ് അതിജീവനത്തിനായി മറ്റൊരു വഴിയെക്കുറിച്ച് ആലോചിച്ചത് . അങ്ങനെ പഠിച്ചത് തന്നെ തൊഴിലാക്കാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് വ്യാഴാഴ്ച വൈകിട്ട് തട്ടുകട തുറന്നത്. ദോശ,പൊറോട്ട, ചപ്പാത്തി, കപ്പബിരിയാണി, ബീഫ്, കോഴിക്കറി, മീന്‍കറി, ഓംലെറ്റ് തുടങ്ങിയ വിഭവങ്ങളെല്ലാം ഇവിടെ ലഭിക്കും. സഹായിയായി ബിബോഷിന്റെ സുഹൃത്തും കാനഡയില്‍ ഷെഫായി ജോലിനോക്കവെ ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട തണ്ണീര്‍മുക്കം സ്വദേശി സോനുവുമുണ്ട്.
ബിബോഷ് കളമശേരി സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഹോട്ടല്‍ മാനേജ് മെന്റ് കോഴ്‌സ് പഠിച്ചത്. തുടര്‍ന്ന് കെ.ടി.ഡി.സിയില്‍ ദിവസവേതന വ്യവസ്ഥയില്‍ ജോലിനോക്കി. പിന്നീട് അഞ്ച് വര്‍ഷം ഗള്‍ഫിലും ജോലി ചെയ്തു. ആറ് വര്‍ഷം മുന്‍പാണ് അമേരിക്കല്‍ കപ്പലില്‍ ഷെഫായത്. പ്രിന്‍സ് ക്രൂയിസസ് എന്ന യാത്രാകപ്പലിലായിരുന്നു ജോലി. അവധിക്ക് വീട്ടിലെത്തിയശേഷം സിംഗപ്പൂരിലെത്തി കപ്പലില്‍ വീണ്ടും ജോലിക്കായി കയറാനായിരുന്ന പദ്ധതി. എന്നാല്‍ ലോക്ക് ഡൗണ്‍ എല്ലാം കീഴ്‌മേല്‍ മറിച്ചതോടെ പകച്ചു നില്‍ക്കാതെ അതിജീവനത്തിനായി മറ്റൊരു വഴി തേടുകയായിരുന്നു ഈ യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."