പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു യാത്രക്കിടയില്‍ കാണാതായ ബാലനെ ഉടനടി കണ്ടെത്തി
കിളിമാനൂര്‍: ബന്ധു വീട്ടിലേക്കുള്ള യാത്രക്കിടയില്‍ കൈവിട്ടു പോയ ബാലനെ അല്‍പ സമയത്തിനുള്ളില്‍ കണ്ടെത്തി ഉറ്റവരുടെ അടുക്കല്‍ എത്തിച്ച് കിളിമാനൂര്‍ പൊലിസ് കൃത്യനിര്‍വ്വഹണത്തില്‍ മാതൃകയായി. ഇന്നലെ ഉച്ചയോടെ കിളിമാനൂരിലാണ് സംഭവം. മാതാവിനും സഹോദരണങ്ങള്‍ക്കും ഒപ്പം യാത്രചെയ്തു വന്ന പന്ത്രണ്ടുകാരനെ പുതിയകാവില്‍ ബസിറങ്ങുമ്പോള്‍ പെട്ടന്ന് കാണാതാവുകയായിരുന്നു. ചിറയിന്‍കീഴ് മുടപുരം പാലസില്‍ അന്‍സിലിനെ (12) യാണ് കാണാതായത്.
മാതാവിനും സഹോദരങ്ങള്‍ക്കും ഒപ്പം പോങ്ങനാട് ബന്ധു വീട്ടില്‍ പോകാന്‍ വന്നതായിരുന്നു കുടുംബം.കുട്ടിയെ പെട്ടെന്ന് കാണാതായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി മാതാവ്. നാട്ടുകാരുടെ സഹായത്തോടെ ചുറ്റുവട്ടത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫോണില്‍ ബന്ധു വീട്ടിലും മാറ്റും വിവരമറിയിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. തുടര്‍ന്ന് മാതാവും ബന്ധുക്കളും കിളിമാനൂര്‍ പൊലിസില്‍ സഹായം തേടി. പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു.കിളിമാനൂര്‍ സി.ഐ പ്രദീപ്കുമാറും എസ്.ഐ ബിജുവും രംഗത്തിറങ്ങി. തൊട്ടടുത്ത സ്റ്റേഷനുകളിലേക്കും സന്ദേശം പോയി. മാതാവും കുട്ടികളും വന്ന ബസ് പോയി വഴിയിലൊക്കെ പൊലിസ് അന്വേഷണം നടത്തി.
ഒടുവില്‍ കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പോങ്ങനാട് ബസിറങ്ങിയപ്പോള്‍ മാതാവിനെയും സഹോദരങ്ങളെയും കാണാത്തതിനെ തുടര്‍ന്ന് കുട്ടി തിരികേ അതേ ബസില്‍ കയറുകയായിരുന്നു. ബസിനുള്ളിലും മാതാവിനെയും സഹോദരങ്ങളെയും കാണാതെ വിഷമിച്ചു പോയ കുട്ടി കിളിമാനൂര്‍ കെ.എസ.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുകയായിരുന്നു. മണിക്കൂറുകളോളം കുട്ടിയും കുടുംബാംഗങ്ങളും അനുഭവിച്ച വിഷമത്തിനാണ് പൊലിസിന്റെ കാര്യക്ഷമമായ ഇടപെടല്‍ പരിഹാരം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."