നെയ്യാറില്‍ നിന്നു വെള്ളം; പുരോഗതി വിലയിരുത്താന്‍ മന്ത്രിയെത്തി
കാട്ടാക്കട: നെയ്യാറില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായുള്ള പണികളുടെ പുരോഗതി വിലയിരുത്താന്‍ ജല വിഭവവകുപ്പ് മന്ത്രി മാത്യു റ്റി.തോമസ് കാപ്പുകാട്ട് എത്തി . ഇന്നലെ ഉച്ചയോടെയാണ് മന്ത്രി വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചത്.
യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പുരോഗമിക്കുകയാണെങ്കിലും വെള്ളം പമ്പ് ചെയ്യാനായി ഡ്രഡ്ജര്‍ ഇറക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ആശങ്കയുണ്ടെന്ന് സന്ദര്‍ശ ശേഷം മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരും.
മെയ് 22 വരെ നഗരത്തില്‍ നല്‍കാനുള്ള ജലം ഇപ്പോള്‍ പേപ്പാറയില്‍ ലഭ്യമാണ് .ഇതിന് ശേഷമാണ് നെയ്യാറില്‍ നിന്നും വെള്ളം കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. മെയ് അവസാനത്തോടെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുവരെ നെയ്യാറില്‍ നിന്നു ജലമെത്തിക്കാമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
ജലസംഭരണിക്കുള്ളില്‍ പാറയായതിനാല്‍ ഈ പ്രദേശത്ത് ഡ്രഡ്ജര്‍ ഇറക്കുന്നതിനു അസൗകര്യമുണ്ട്. ഗുജറാത്തില്‍ നിന്നും പ്രത്യേകം രണ്ട് പമ്പുകള്‍ അധികമായി സ്ഥാപിക്കുന്നതിനും അതുവഴി വെള്ളം പമ്പ് ചെയ്ത് വെള്ളം കുമ്പിള്‍ മൂട് തോട്ടില്‍ എത്തിക്കുന്നതിനുമാണ് ശ്രമം നടത്തുന്നത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് പമ്പിങ് നടത്തുന്നതിനായി ആദ്യം വലിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് തടസം വന്നതോടെ ഈ പൈപ്പുകള്‍ക്കു സമാന്തരമായി ഇപ്പോള്‍ ചെറിയ പൈപ്പുകള്‍ കൂടി സ്ഥാപിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
കാപ്പുകാട് പദ്ധതി പ്രദേശത്തു ഡ്രഡജ്ര്‍ ഇറക്കാന്‍ പറ്റില്ല എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍, ഇവ പാതി വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നു എന്നാണു വിവരം. അതേ സമയം വെള്ളം പമ്പ് ചെയ്യുന്ന സ്ഥലത്തേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. മുപ്പതിലധികം പോസ്റ്റുകള്‍ സ്ഥാപിച്ച് 11 കെ.വി.ലൈന്‍ ഈഭാഗത്തേയ്ക്ക് നീട്ടാനാണ് ശ്രമം.വ്യാഴാഴ്ചയോടെ പണികള്‍ തീര്‍ക്കാനാണ് കെ.എസ്.ഇ.ബി അധികൃതരുടെ ശ്രമം.
കെ.എസ് ശബരീനാഥന്‍ എം.എല്‍.എ., വാട്ടര്‍ അതോറിട്ടി എം.ഡി എ.ഷൈനാമോള്‍,സൂപ്രണ്ടിങ് എന്‍ജിനിയര്‍ ലീന,ചീഫ് എന്‍ജിനിയര്‍ ശ്രീകുമാര്‍, എക്‌സിക്യുട്ടീവ എന്‍ജിനിയര്‍ അജയകുമാര്‍,കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ജിഷാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, മുന്‍ കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുറ്റിച്ചല്‍ വേലപ്പന്‍,തുടങ്ങിയവരും നെയ്യാര്‍ഡാം ഇറിഗേഷന്‍ അസിസ്റ്റന്റ് ഇഞ്ചിനിയര്‍ വിനോദ്കുമാര്‍,കെ.എസ്.ഇ.ബി,ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."