ഗള്‍ഫില്‍ പോകുന്ന ഇന്ത്യക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്
ജിദ്ദ: സഊദിയടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കു ജോലി ആവശ്യാര്‍ഥം ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതായി പഠനം. ഗള്‍ഫ് നാടുകളിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നിതാഖാത്ത് ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളിലുണ്ടായ സ്വദേശിവല്‍ക്കരണ നയങ്ങളുമാണ് ഇതിനു പിന്നിലെന്നാണു വിലയിരുത്തപ്പെടുന്നത്. 2015ല്‍ 7.6 ലക്ഷം പേര്‍ ജോലി തേടി ഗള്‍ഫിലെത്തിയിരുന്ന സ്ഥാനത്ത് 2017ല്‍ 3.7 ലക്ഷം പേരായി ചുരുങ്ങി. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഈ നിരക്ക് കുത്തനെ ഇടിയാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ യു.എ.ഇയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ട ഗള്‍ഫ് രാജ്യം. ഒന്നര ലക്ഷം പേര്‍ക്കാണു കഴിഞ്ഞ വര്‍ഷം ഇവിടേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചത്. എന്നാല്‍, യു.എ.ഇ 2015ലും 2016ലും 2.2 ലക്ഷം ഉണ്ടായിരുന്നിടത്തുനിന്നാണു കഴിഞ്ഞ വര്‍ഷം 1.5 ലക്ഷമായി കുറഞ്ഞത്. വിസാനിയമത്തില്‍ വന്ന മാറ്റമാണ് യു.എ.ഇയെ ഇന്ത്യന്‍ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കി മാറ്റിയതെന്നാണു കരുതപ്പെടുന്നത്. ഇതിലേറ്റവും പ്രധാനം ഈ വര്‍ഷം അവസാനത്തോടെ പ്രൊഫഷനലുകള്‍ക്കും നിക്ഷേപകര്‍ക്കും 10 വര്‍ഷത്തേക്കുള്ള റസിഡന്‍സി വിസ അനുവദിക്കുമെന്ന യു.എ.ഇ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ്. ജോലി നഷ്ടമായവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതുവരെ താല്‍ക്കാലിക വിസ നല്‍കുന്ന സമ്പ്രദായമാണു മറ്റൊന്ന്.
2015ല്‍ സഊദിയായിരുന്നു പ്രവാസി ഇന്ത്യക്കാരുടെ ഇഷ്ടരാജ്യങ്ങളില്‍ മുന്നില്‍. അന്നു മൂന്നു ലക്ഷം പേരായിരുന്നു സഊദിയിലേക്ക് തൊഴില്‍ തേടിപ്പോയത്. എന്നാല്‍ 2017 ആകുമ്പോഴേക്കും സഊദിയോടുള്ള ഇന്ത്യക്കാരുടെ താല്‍പര്യം കുത്തനെ ഇടിഞ്ഞു. 78,000 പേര്‍ മാത്രമാണു കഴിഞ്ഞ വര്‍ഷം സഊദിയിലെത്തിയത്. 74 ശതമാനത്തിന്റെ കുറവാണിത്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്കു നല്‍കുന്ന വിസയുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2015ല്‍ 7.6 മില്യന്‍ വിസ നല്‍കിയിരുന്നത് 2017ല്‍ 3.7 മില്യനായി കുറഞ്ഞു. ഇന്ത്യക്കാര്‍ക്കു മുന്‍തൂക്കമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള കുവൈത്ത് 2015ല്‍ 66,543 വിസകള്‍ അനുവദിച്ചിടത്തുനിന്ന് 2017ല്‍ 56,380 ആയി കുറഞ്ഞു. ഇതിനു പുറമെ ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിസയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വിദേശത്തുനിന്ന് ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം 69 ബില്യനായിരുന്നു ഇത്. ഇതില്‍ 56 ശതമാനവും സഊദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണു രാജ്യത്തെത്തുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, നേരത്തേ നിര്‍മാണത്തൊഴിലാളികള്‍, ആശാരിമാര്‍, ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ ബ്ലൂകോളര്‍ ജോലിക്കാരാണു കൂടുതലായും ഗള്‍ഫ് നാടുകളില്‍ തൊഴില്‍തേടി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതു മാറിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വൈറ്റ് കോളര്‍ ജോലിക്കാരാണ് ഇവിടേക്കു കൂടുതലായി താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നാണു കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."