കെട്ടിടം ലഭിച്ചിട്ട് ഏഴു വര്‍ഷം; വില്ലേജ് ഓഫിസ് ഇനിയും മാറ്റിസ്ഥാപിച്ചില്ല
.
ചങ്ങരംകുളം: ബസ്‌ബേ കം ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ വികസനം മുടക്കി നില്‍ക്കുന്ന ആലങ്കോട് വില്ലേജ് ഓഫിസ് മാറ്റിസ്ഥാപിക്കല്‍ വൈകുന്നു.
ഏഴു വര്‍ഷം മുന്‍പ് പഞ്ചായത്ത് പഴയ ബസ്സ്റ്റാന്‍ഡില്‍ 25 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചു നല്‍കിയിട്ടും ഓഫിസ് മാറ്റാന്‍ അധികൃതര്‍ തയാറായിട്ടില്ല. പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ വകുപ്പും റവന്യു വകുപ്പും ഉണ്ടാക്കിയ ധാരണ പ്രകാരമാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു നല്‍കിയത്.
ചങ്ങരംകുളം ബസ്‌ബേ കം ഷോപ്പിംങ് കോംപ്ലക്‌സിനു മുന്നിലെ വില്ലേജ് ഓഫിസ് കെട്ടിടം നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ രണ്ടു സ്ഥലങ്ങളിലെയും ഭൂമി വിലയിലും അളവിലും വ്യത്യാസമുണ്ടെന്ന് പറഞ്ഞ് വൈകിക്കുകയാണ്.
പഞ്ചായത്ത് അധിക തുക നല്‍കാന്‍ തയാറായിട്ടും നടപടികള്‍ വൈകുകയാണ്. പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സില്‍ മുറികള്‍ ലേലം ചെയ്തവര്‍ വ്യാപാരം തുടങ്ങാന്‍ തയാറാകാതെ കോടതിയെ സമീപിച്ചു.
ഒന്നേക്കാല്‍ കോടി വായ്പയെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിനായി വര്‍ഷങ്ങളായി പഞ്ചായത്ത് തുകയും പലിശയും നല്‍കിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പാഴാക്കി കളയുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പുനര്‍ലേലം നടത്താന്‍ കോടതി അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ ആയിട്ടില്ല.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വില്ലേജ് ഓഫിസ് ജീവനു തന്നെ ഭീഷണിയായിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. വിവിധ സംഘടനകള്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."