സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകം: ഋഷിരാജ് സിങ്
കൊച്ചി: മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാകുന്നതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. മയക്കുമരുന്നിനടിമയായ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ റിസ്റ്റി അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും കൂട്ടത്തോടെ അടച്ച്പൂട്ടിയ സാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനിടയ്ക്ക് രജിസ്റ്റര്‍ ചെയ്ത 28,000 കേസുകളില്‍ 22,000 കേസുകളും വ്യാജമദ്യവുമായി ബന്ധപ്പെട്ടതാണ്. ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ പതിനായിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തിട്ടുണ്ട്. 20,000 കേസുകളും രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായും ഋഷിരാജ് സിങ് അറിയിച്ചു.
പ്രശസ്തി പത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.എം.കെ സാനു മാസ്റ്റര്‍ ഋഷിരാജ് സിങിന് സമ്മാനിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി ബിനു, ഫാ. റോബിന്‍ കണ്ണന്‍ച്ചിറ, ജിജോ പാലത്തിങ്കല്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം എറണാകുളം പുല്ലേപ്പടിയില്‍ മയക്കുമരുന്നിനടിമയായ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റിയുടെ ചരമവാര്‍ഷികത്തിനോട് അനുബന്ധിച്ചാണ് ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്ക് റിസ്റ്റി ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."