വികസന കുതിപ്പിനൊരുങ്ങി ചീമേനി: ബസ് സ്റ്റാന്‍ഡ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നു
ചീമേനി: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധീനതയിലുള്ള ഭൂമി വിട്ടുകൊടുക്കാന്‍ ധാരണയായതോടെ ചീമേനിയില്‍ ബസ് സ്റ്റാന്‍ഡ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നു. ഒന്നരപ്പതിറ്റാണ്ടു കാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ജില്ലയിലെ പ്രധാന മലയോര വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചീമേനിയുടെ വികസന കുതിപ്പിന് ഇതോടെ കളമൊരുങ്ങും. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള 2.47 ഏക്കര്‍ ഭൂമി ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനായി വിട്ടുകൊടുക്കാന്‍ റവന്യു, കൃഷി വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.
റവന്യു വകുപ്പില്‍നിന്നു പാട്ടത്തിനെടുത്ത ഭൂമിയാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ളത്. ഇത് റവന്യൂവകുപ്പ് റദ്ദ് ചെയ്യും. പിന്നീട് ഗ്രാമപ്പഞ്ചായത്ത് അപേക്ഷ നല്‍കുന്ന മുറയ്ക്ക് റവന്യു വകുപ്പ് പഞ്ചായത്തിന് പാട്ടത്തിനു നല്‍കും. പയ്യന്നൂര്‍, കാഞ്ഞങ്ങാട്, പെരിങ്ങോം-പാടിച്ചാല്‍, കാക്കടവ്-പെരുമ്പട്ട, ചിറ്റാരിക്കാല്‍, പള്ളിപ്പാറ, പൊതാവൂര്‍ തുടങ്ങിയ റൂട്ടുകളിലായി അറുപതിലേറേ ബസ് സര്‍വിസ് ചീമേനിയിലേക്കുണ്ട്.
പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ഒന്‍പത് ബസ് ചീമേനിയിലേക്കു സര്‍വിസ് നടത്തുന്നുണ്ട്. എന്‍ജിനിയറിങ് കോളജ്, അപ്ലൈഡ് സയന്‍സ് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ.ടി.ഐ, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്തിലുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍, പൊലിസ് സ്റ്റേഷന്‍, ഗ്രാമപ്പഞ്ചായത്ത് കാര്യാലയം, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചീമേനി ടൗണിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
ചീമേനി ടൗണിനോടു ചേര്‍ന്ന ഭൂമിയിലേറെയും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലായതാണ് ബസ് സ്റ്റാന്‍ഡ് എന്ന നാട്ടുകാരുടെ ആവശ്യത്തിനു വിലങ്ങായത്. ഈ സാഹചര്യത്തിലാണ് എം. രാജഗോപാലന്‍ എം.എല്‍.എ മുന്‍കൈയെടുത്ത് മന്ത്രിതലചര്‍ച്ചയ്ക്ക് അവസരമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."