HOME
DETAILS

ജനാധിപത്യ സംരക്ഷണത്തിന് മതേതര പാര്‍ട്ടികള്‍ ഒന്നിക്കണം

  
backup
July 31 2020 | 01:07 AM

democracy

 


ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും സാന്നിധ്യമുള്ള ഏക പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണ്. മതേതര പാരമ്പര്യവും മുഖവും പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലാത്ത ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയുള്ള പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെ. ബാബരി മസ്ജിദ് വിഷയത്തില്‍ കാണിച്ച കണ്ണുപൊത്തിക്കളി കോണ്‍ഗ്രസിന്റെ ഖദറില്‍ വീണ കറുപ്പായി നിലവിലുണ്ട്. പാര്‍ട്ടി അതിവേഗം ബഹുദൂരം പിറകോട്ട് പോകാന്‍ ബാബരി മസ്ജിദ് വിഷയം കാരണമായി. ഒരുതരം ഗറില്ലാ ആക്രമണമായിരുന്നു അത്. പതിയിരുന്ന് ആക്രമിക്കുന്നതാണല്ലോ ഗറില്ലകളുടെ സ്വഭാവം. അധികാരസ്ഥാനങ്ങളില്‍ അമര്‍ന്നിരുന്ന് അധികാരത്തിലെത്തിച്ച മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ വിശ്വാസികളെ വഞ്ചിക്കുക മാത്രമല്ല, മതേതരത്വത്തെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തത്. നരസിംഹറാവു തയാറായിരുന്നെങ്കില്‍ കല്യാണ്‍ സിങ് അവിവേകം കാണിക്കുമായിരുന്നില്ല. എന്നാലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് ഇന്ത്യന്‍ ജനത കോണ്‍ഗ്രസ് പാര്‍ട്ടിയെ പൂര്‍ണമായി കൈയൊഴിയാത്തത്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തി കൂടിയാണ്. എന്‍.എസ്.എസുമായി നല്ല ബന്ധം പുലര്‍ത്തുന്ന ചെന്നിത്തലയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയാത്തതുകൊണ്ട് മതന്യൂനപക്ഷങ്ങളെ അലമ്പാക്കാന്‍ കഴിയുമോ എന്ന ഗവേഷണമാണ് കോടിയേരിയുടെ കാവി ഹാര ചാര്‍ത്തലിന് പിന്നിലെ നാലാം ക്ലാസ് രാഷ്ട്രീയം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് നിലച്ചിട്ടില്ല. ഇ.എം.എസ് മുതല്‍ അച്യുതാനന്ദന്‍ വരെ ഹിന്ദു പ്രീണന പ്രസ്താവനകളും മുസ്‌ലിം വിരുദ്ധ പ്രഹരങ്ങളും നടത്തിയതിന്റെ പരുക്കാണ് ഈ അടിയൊഴുക്ക് രാഷ്ട്രീയ പ്രതിഭാസം. ചുവപ്പുമായി സമരസപ്പെട്ടു പോകുന്ന മനസുകള്‍ കാവിയിലേക്ക് നീങ്ങി. പ്രതീക്ഷവച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അടിക്കടി ലഭിച്ച അടി വീണ്ടുവിചാരങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം. അതുകൊണ്ടാണ് പുതിയൊരു കാര്‍ഡുമായി കോടിയേരി രംഗത്തുവന്നത്. ചെന്നിത്തലയും കോടിയേരിയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പ്രകടമായ വ്യത്യാസങ്ങള്‍ കേരളം അനുഭവിച്ചിട്ടില്ല. പള്ളി, മദ്‌റസ കൈയേറ്റക്കാരെ സഹായിക്കാന്‍ രണ്ടുപേരും പരമാവധി ഇടപെടല്‍ നടത്തിയിരുന്നു. എന്നാലും ആര്‍.എസ്.എസ് പക്ഷപാതിയാണെന്ന് പരാതി പറയാന്‍ അവസരം കൊടുത്തിരുന്നില്ല.


കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം ബി.ജെ.പിയുടെ മാത്രമല്ല, സകല വിദ്രോഹ ശക്തികളുടെയും കൂടിയാണ്. ഈ ആശയത്തിന്റെ പങ്കുകാരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരാന്‍ പാടില്ല. മുക്കാല്‍ നൂറ്റാണ്ട് കൊണ്ട് ഒന്നര നൂറ്റാണ്ട് പിറകോട്ട് സഞ്ചരിക്കാന്‍ കഴിയും എന്ന് പഠിപ്പിച്ച പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് കയറിയിരിക്കാന്‍ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചില്ല. പതിറ്റാണ്ടുകള്‍ ഭരിച്ചിരുന്ന വെസ്റ്റ് ബംഗാളില്‍, ഇന്ത്യയിലെ തലയെടുപ്പുള്ള മതേതര രാഷ്ട്രീയക്കാരായ കോണ്‍ഗ്രസുകാരെ ഇറക്കി അവിടം കയറിയിരിക്കാന്‍ ബുദ്ധദേവ് ഭട്ടാചാര്യക്കോ മറ്റ് സി.പി.എം നേതാക്കള്‍ക്കോ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്ത് പോലും എത്താന്‍ കഴിയാതെ മൂന്നാംസ്ഥാനം എത്തേണ്ടിവന്നു. ത്രിപുരയില്‍ കോണ്‍ഗ്രസ് മുക്ത ഫലം ലഭിച്ചത് ബി.ജെ.പിക്കാണ്. പാലം പണിതു കൊടുത്ത ഇടതു പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. തെലങ്കാനയില്‍, ആന്ധ്രപ്രദേശില്‍, ഹര്‍കിഷന്‍ സുര്‍ജിത് സിങ്ങിന്റെ പഞ്ചാബില്‍ പോലും പാര്‍ട്ടി പച്ച തൊട്ടതുമില്ല. കാവി പരവതാനി വിരിക്കുന്ന ഏര്‍പ്പാടാണ് നിര്‍ഭാഗ്യവശാല്‍ ഇന്ത്യ കണ്ടത്. എല്ലാം ആഗോളതലത്തില്‍ ബന്ധപ്പെടുത്തി ദിവസങ്ങളും മാസങ്ങളും ചര്‍ച്ചചെയ്യുന്ന പാര്‍ട്ടി ഫോറങ്ങളില്‍ ദീര്‍ഘദൃഷ്ടിയുള്ള ഒരാള്‍പോലും ഉണ്ടാവാതെ പോയി.
കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ ഇപ്പോള്‍ ബി.ജെ.പി മൂന്നാം സ്ഥാനത്താണ്. അവര്‍ക്ക് അധികാര നേട്ടമുണ്ടാവണമെന്ന് നേര്‍ച്ചയാക്കിയതു പോലെയാണ് സി.പി.എം നിലപാട്. കൊവിഡ് - 19 പാര്‍ട്ടിക്കും ഭരണത്തിനും ലഭിച്ച സുവര്‍ണാവസരം കൂടിയായിരുന്നു. പക്ഷേ ആ ഘട്ടത്തിലും നിലപാടുകളില്‍ പാര്‍ട്ടി പറയത്തക്ക മാറ്റം വരുത്തില്ല. മദ്‌റസ അധ്യാപക സേവനത്തിന് തെരഞ്ഞെടുക്കാന്‍ പൂര്‍വകാല ജാതകം നോക്കണം എന്ന് സര്‍ക്കുലര്‍ ഇറക്കിയ പൊലിസുള്ളത് ഉത്തര്‍പ്രദേശില്‍ അല്ല, കേരളത്തിലാണ്. ഇസ്‌ലാമിക് ജിഹാദ്, തീവ്രവാദം,ഭീകരവാദം എന്നൊക്കെയുള്ള നമ്മുടെ ഭാഷ പ്രസവിച്ച വിശേഷണങ്ങള്‍ ഒരിക്കല്‍പോലും ഹിന്ദു ചേര്‍ത്തു പറയാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ധൈര്യപ്പെടുന്നില്ല. വഴിയില്‍ കിടക്കുന്ന ഏത് വണ്ടിയുമെടുത്ത് തെരുവില്‍ തൂക്കിയ ചെണ്ട പോലെ കൊട്ടി പോകാനുള്ള കൂട്ടുരായി മുസ്‌ലിംകളെ ആര്‍.എസ്.എസുകാരും ഫാസിസ്റ്റുകളും കാണുന്നത് മനസിലാക്കാം. പക്ഷേ, അവിടെ ഇടതുപക്ഷത്തിനും മതേതര പാര്‍ട്ടികള്‍ക്കും ഇടം ഉണ്ടാകരുതല്ലോ.


എല്ലാം ശരിയാക്കാം എന്ന വാഗ്ദാനവുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പില്‍ രംഗപ്രവേശനം ചെയ്തത്. സരിതയും സോളാറും കത്തിച്ചതിന്റെ പരിണിത ഫലം കൂടിയായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ് ഫലം. കേരളീയരുടെ സാമ്പ്രദായിക രീതികളില്‍ ഒന്നാണ് മാറിമാറി ഭരണം ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്. ടുജി സ്‌പെക്ട്രം ഉയര്‍ത്തിയായിരുന്നു നരേന്ദ്രമോദി കോണ്‍ഗ്രസിനെ നിലംപരിശാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. വീണുകിട്ടിയ ഇത്തരം വിഷയങ്ങള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ കൗശലക്കാരായ വാടകക്ക് എടുക്കപ്പെട്ട മാധ്യമങ്ങളും രംഗത്തുവന്നപ്പോള്‍ ഫലം താമരക്ക് അനുകൂലമായി. ഈ പ്രാഥമിക രാഷ്ട്രീയ അടവുനയം രാഷ്ട്രീയ നിലപാടായി ഇടതു പക്ഷങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നു. ഉണ്ടെന്ന് കരുതുന്ന പ്രത്യയശാസ്ത്രങ്ങള്‍ എന്നാണ് പ്രാവര്‍ത്തികമാക്കുക. പഴയ സോവിയറ്റ് യൂണിയനും ക്യൂബയും ഹംഗറിയും ജര്‍മനിയും ചൈനയും വിശദീകരിച്ചു ലഘുലേഖകള്‍ ഇറക്കി സഖാക്കളെ ബോധവല്‍ക്കരിക്കാന്‍ ഇപ്പോള്‍ ഏതായാലും വകുപ്പ് ഇല്ലല്ലോ. റഷ്യയില്‍ പരതിയാല്‍ സഖാവ് ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും പ്രതിമകള്‍ പോലും കാണാനില്ലാത്തവിധം പിഴുതു കൊണ്ടുപോയി. കിട്ടിയ അവസരം കിടിലന്‍ പ്രസ്താവനകള്‍ നടത്തി ഓട്ട അടക്കാന്‍ പറ്റുന്ന കാലമല്ല ഇത്. നന്നായി ഭരിക്കാന്‍ നോക്കണം. അതാണ് കാലം ഉയര്‍ത്തുന്ന ഏറ്റവും വലിയ ആവശ്യം.


കേരളം ജനാധിപത്യ, മതേതര കാഴ്ചപ്പാടില്‍ മുന്നിട്ടുനില്‍ക്കുന്ന, പരിഷ്‌കൃത സമൂഹം അധിവസിക്കുന്ന പ്രദേശമാണെന്നാണ് പൊതു ധാരണ. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്ന താമര വിരിഞ്ഞത് തലസ്ഥാന ജില്ലയില്‍ നിന്നാണ്. കമ്മ്യൂണിസ്റ്റ് കേന്ദ്രമാണെന്ന് പെരുമ്പറകൊട്ടിയിരുന്ന പാലക്കാട് നഗരസഭ ബി.ജെ.പി ഭരിക്കുന്ന അവസ്ഥയുമുണ്ടായി. മതേതര, ജനാധിപത്യ വോട്ടുകള്‍ ചിഹ്നഭിന്നമാക്കി ഫാസിസ്റ്റുകള്‍ക്ക് വഴിയൊരുക്കുന്ന കടപ്പാട് കൂടുതല്‍ കാണിച്ചത് ഇടതുപക്ഷങ്ങള്‍ തന്നെയാണ്. രമേശ് ചെന്നിത്തലയെ ആര്‍.എസ്.എസുകാരനാക്കിയ കോടിയേരിയുടെ പ്രസ്താവനയിലൂടെ നേട്ടമുണ്ടാക്കുക കാവി രാഷ്ട്രീയക്കാരാണ്. മതേതരത്വ വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. മതേതരത്വം തന്നെ അപകടത്തിലായ ഈ സാഹചര്യത്തില്‍ ഇടതു പക്ഷങ്ങള്‍ പ്രത്യേകിച്ചും ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് കാവല്‍ക്കാര്‍ കൂടിയായ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തി താമരക്ക് കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയമാവരുത് അവര്‍ സ്വീകരിക്കേണ്ടത്. മതേതര ചേരികളില്‍ പലതും പറഞ്ഞ് പലരും നുഴഞ്ഞുകയറി ചെറു കഷണങ്ങളാക്കി വിഘടിച്ചു പോകുമ്പോള്‍ അതിന്റെ ഗുണഫലം ലഭിക്കുന്നത് ബി.ജെ.പിക്ക് മാത്രമാണ്. പൊതുശത്രുവിനെ പൊതുമാനദണ്ഡം ഉപയോഗപ്പെടുത്തി ചെറുക്കാന്‍ പഠിക്കണം. നാഡി കഷായം കുടിക്കുന്ന പോലെ രാവിലെയും വൈകുന്നേരവും പത്രക്കാരെ കണ്ടു മതേതര ചേരികളെ ദുര്‍ബലപ്പെടുത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം എല്ലാവരും അവസാനിപ്പിക്കണം.


സ്ഥാപനവല്‍കൃത രാഷ്ട്രീയം മൂല്യങ്ങളുമായി രാജിയാവുന്നതാവരുത്. ഇരുപതിനായിരത്തിലധികം കെട്ടിടങ്ങള്‍ സി.പി.എമ്മിന് കേരളത്തില്‍ മാത്രമുണ്ടെന്നാണ് കണക്ക്. അവ ദാസ് ക്യാപിറ്റലിസം പഠിക്കാനുള്ള കേന്ദ്രങ്ങളാണെങ്കില്‍ ന്യായീകരണമുണ്ട്. സന്ധ്യകളില്‍ ഒത്തുകൂടി അധികാരം പിടിക്കാനുള്ള കൗശലപ്പണികള്‍ പഠിപ്പിക്കാനും ക്രൈം നിലവാരം കൂട്ടാനുമുള്ളതാണെങ്കില്‍ സംഭാവന നല്‍കിയവരുടെ ആത്മാവ് പോലും പൊറുക്കില്ല. രാഷ്ട്രീയ, ഉദ്യോഗസ്ഥ വൃന്ദം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി പണം മാത്രമല്ല മോഷ്ടിക്കുന്നത്. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയുമാണ് കൊണ്ടുപോകുന്നത്. മതേതര ചേരികളില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ അടവുകള്‍ രൂപപ്പെടുത്തുന്ന ചര്‍ച്ചകളാവരുത് പാര്‍ട്ടി ഓഫിസുകളുടെ നാല് ചുവരുകള്‍ കേള്‍ക്കേണ്ടത്. കാലിക ഇന്ത്യ സ്വത്വ പ്രതിസന്ധി നേരിടുന്നു. ഇടതു പക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതേതര ശക്തികള്‍ കരുതലും കരുത്തും കൈമോശം വരാതെ ഉറക്കമൊഴിച്ചു കാവല്‍ നില്‍ക്കേണ്ട കാലമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."