മോദിക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നല്‍കണം: എ.കെ ആന്റണി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിലൂടെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് അദ്ദേഹത്തിനു തന്നെ അര്‍ഹതപ്പെട്ടതാണെന്ന് ബോധ്യമായതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈറ്റിലയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ ശബരിമല പ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നു എന്നിരിക്കേ തനിക്ക് ഇനിയൊരു അവസരംകൂടി തന്നാല്‍ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന മോദിയുടെ വാഗ്ദാനം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ കലാപമുണ്ടാക്കിയതിനു പകരം നിയമനിര്‍മാണം നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടിയിരുന്നതെന്നും ആന്റണി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പ് ഏറെ ഗൗരവമുള്ളതാണ്. ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ലോകത്തിന് മാതൃകയായിത്തീര്‍ന്ന നിരവധി സംസ്‌കാരങ്ങളുടെയും ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും നാടാണിത്. അഭിപ്രായ സ്വാതന്ത്ര്യം, പൗരാവകാശം, ബഹുസ്വരത, നാനാത്വത്തില്‍ ഏകത്വം, ഫെഡറല്‍ സംവിധാനം തുടങ്ങി എല്ലാം ഇവിടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് മോദി നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളെയും ആദര്‍ശങ്ങളെയും നശിപ്പിച്ചുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇനിയും മോദി അധികാരത്തില്‍ വന്നാല്‍ അംബേദ്കറിന്റെ ഭരണഘടനയ്ക്കു പകരം ആര്‍.എസ്.എസിന്റെ ഭരണഘടനയാകും പ്രാവര്‍ത്തികമാക്കുക. ശബരിമല വിഷയം രൂക്ഷമാക്കിയതിനു പിന്നില്‍ മോദിയെപ്പോലെ തന്നെ പിണറായി വിജയനും പങ്കുണ്ട്. സുപ്രിംകോടതി വിധി വന്നപ്പോള്‍ അതിന്റെ കോപ്പി പോലും വായിച്ചു നോക്കാതെ വിധി നടപ്പാക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു പിണറായി. അദ്ദേഹത്തിന്റെ മര്‍ക്കടമുഷ്ടിയും എടുത്തുചാട്ടവും പക്വതയില്ലായ്മയും സ്ഥിതി കൂടുതല്‍ വഷളാക്കി. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുക എന്നതാകണം ഈ തെരഞ്ഞെടുപ്പിന്റെ പരമപ്രധാനമായ ലക്ഷ്യമെന്നും എ.കെ ആന്റണി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."