മെഡിക്കല്‍ കോളജിലെ അനധികൃത കോഫി ഷോപ്പ് അടപ്പിച്ചു
കൊച്ചി: കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ മാസങ്ങളായി അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോഫി ഷോപ്പ് അടപ്പിച്ചു.
കലക്ടര്‍ നിയോഗിച്ച സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ലൈസന്‍സോ മറ്റൊരു അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് കോഫി ഷോപ്പ് അടപ്പിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് കോഫീ ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റിക്കരികിലെ ആംബുലന്‍സ് ബേയിലാണ് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനടക്കം അധികൃതര്‍ക്ക് ആര്‍ക്കും തന്നെ കോഫീ ഷോപ്പ് ആര് നടത്തുന്നു എന്ന വിവരം പോലും അറിവുണ്ടായിരുന്നില്ല.
ആശുപത്രിയില്‍ നിന്നാണ് വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ചിരുന്നത്. വാടക ഇനത്തിലും ഒരു രൂപ പോലും മെഡിക്കല്‍ കോളേജിന് ലഭിച്ചിട്ടില്ല. ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ മെഡിക്കല്‍ കോളജിന് നഷ്ടമായിട്ടുണ്ട്. മൂന്ന് ഫ്രീസറുകള്‍, രണ്ട് ഫ്രിഡ്ജ്, മൂന്നിലധികം കോഫീ വൈന്‍ഡിങ് മെഷീനുകളടക്കം മാസം പതിനായിരത്തിലധികം രൂപയുടെ വൈദ്യുതി ഉപയോഗിച്ചാണ് കോഫി ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലത്ത് മാസം തൊണ്ണൂരായിരം രൂപ വരെ മാസ വാടക നല്‍കി കോഫീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായി നിരവധി പേര്‍ ആശുപത്രി വികസന സമിതിയെ സന്നദ്ധത അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."