മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മോഷണം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
ചാലക്കുടി: കൊരട്ടി ചിറങ്ങര ഭഗവതി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തരുടെ മൊബൈല്‍ ഫോണുകളും പണമടങ്ങിയ പഴ്‌സും മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍.
ചാലക്കുടി ഡിവൈ.എസ്.പി കെ. ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം കൊരട്ടി സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി. ബിനോയിയും ബി. രാമുവും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോട്ടയം ജില്ലാ പാലാ വില്ലേജില്‍ കൂടപ്പുളം സ്വദേശി പുള്ളോളില്‍ വീട്ടില്‍ വിഷ്ണു എന്ന 'കില്ലര്‍ വിഷ്ണു'ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞെത്തിയ തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ 11 പേരടങ്ങിയ തീര്‍ഥാടക സംഘം ദേശീയ പാതയോരത്തുള്ള കൊരട്ടി ചിറങ്ങര ഭഗവതി ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയിരുന്നു. തങ്ങളുടെ മൊബൈലുകളും പണമടങ്ങിയ പഴ്‌സും വസ്ത്രങ്ങളോടൊപ്പം പൊതിഞ്ഞ് പടവില്‍ വച്ചിട്ടാണ് സംഘം കുളിക്കാനിറങ്ങിയത്. കുളി കഴിഞ്ഞെത്തിയപ്പോള്‍ മൊബൈലുകളും പഴ്‌സും കാണാതായതിനെ തുടര്‍ന്ന് കൊരട്ടി സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ എസ്.ഐമാരായ ബി. ബിനോയിയുടേയും ബി. രാമുവിന്റെയും നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും സമീപത്തെ വ്യാപാര സ്ഥാപനത്തിലെയും പെട്രോള്‍ പമ്പുകളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഡിവൈ.എസ്.പി കെ. ലാല്‍ജി അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചത്.
മോഷണം പോയ മൊബൈല്‍ ഫോണുകളുടെ സിം നമ്പറുകളും ഐ.എ.ംഇ.ഐ നമ്പറുകളും ശേഖരിച്ച അന്വേഷണ സംഘം നൂതന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ സ്വിച്ച് ഓഫായ ഫോണുകള്‍ അങ്കമാലി ഭാഗത്തേക്ക് നീങ്ങിയതായി കണ്ടെത്തി. ഈ മൊബൈല്‍ നമ്പരുകളിലേക്ക് ഡെലിവറി റിപ്പോര്‍ട്ട് ഓപ്ഷനോടെ മെസേജ് അയച്ചതിനെ തുടര്‍ന്ന് കറുകുറ്റി പരിസരത്താണ് ഫോണ്‍ ഉള്ളതെന്ന് മനസിലാക്കി.
തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘം ദേശീയപാതയോരം കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തിവരവേ ബാര്‍ ഹോട്ടല്‍ പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ ബൈക്കിലിരിക്കുകയായിരുന്ന വിഷ്ണുവിനെ ചോദ്യം ചെയ്യവേ ഇയാള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. സംസാരത്തില്‍ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് പാന്റ്‌സിനുള്ളില്‍ ധരിച്ചിരുന്ന ബര്‍മുഡയുടെ പോക്കറ്റില്‍ നിന്നും ഫോണുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് കൊരട്ടിയിലെത്തിച്ച വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ ഉപയോഗിക്കുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്.
കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിലെ പ്രതിയാണിയാളെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
അന്വേഷണ സംഘത്തില്‍ കൊരട്ടി സ്റ്റേഷനിലെ എ.എസ്.ഐ ജോഷി, സീനിയര്‍ സി.പി.ഒമാരായ മുഹമ്മദ് ബാഷി, സുധീര്‍, ഷിനോജ്, ക്രൈം സ്‌ക്വാഡ് അംഗം റെജി എ.യു, സി.പി ഒമാരായ സൈജു കെ.എ, ജിബി ടി.സി, ഹോം ഗാര്‍ഡ് ജയന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."