ഉണ്യാലില്‍ വീണ്ടും അക്രമം; മൂന്നു പേര്‍ക്കു വെട്ടേറ്റു
തിരൂര്‍: ഉണ്യാല്‍ തീരദേശത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഒരു സംഘം സി.പി.എം പ്രവര്‍ത്തകനെ വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമി സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് നാലോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഉണ്യാലില്‍ നിന്ന് പറവണ്ണയിലേക്ക് ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ചക്കരകടവത്ത് സിദ്ദീഖ് (37), പള്ളിത്താന്റെ പുരയ്ക്കല്‍ സക്കീര്‍ (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഓട്ടോ തടഞ്ഞ് ഇവരെ ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സക്കീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി. പി. എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
അക്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പത്തംമ്പാട് വച്ച് സി.പി.എം പ്രവര്‍ത്തകനായ തിത്തിരിയത്തിന്റെപുരയ്ക്കല്‍ ഹര്‍ഷാദ് വെട്ടേറ്റത്. പരുക്കേറ്റ ഹര്‍ഷാദിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ ഒരു സംഘം അക്രമികള്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ കോത്തികലത്ത് താഹിര്‍, ഖദീജ എന്നിവര്‍ക്കും പരുക്കേറ്റു.
ഉണ്യാല്‍ തീരദേശം ഒരിടവേളയ്ക്ക് ശേഷം സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും അനിഷ്ടസംഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ദ്രുത കര്‍മ സേന മേഖലയില്‍ എത്തി പരിശോധനയും മറ്റും നടത്തി മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് അക്രമ സംഭവങ്ങള്‍ ഉണ്ടായത്.
മുസ്‌ലിം ലീഗ് ഓഫിസിന് ചുവന്ന പെയിന്റ് അടിച്ചതിനെ ചൊല്ലിയും മുന്‍പ് ഇവിടെ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇവിടെ വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയുള്ള പൊലിസ് നടപടിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."