പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമയുടെ മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍
കൊച്ചി: പത്തനംതിട്ട പോപ്പുലര്‍ ഫിനാന്‍സിന്റെ മാനേജിങ് ഡയരക്ടറായ തോമസ് ഡാനിയേലിന്റെ മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്.
ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരേ നേരത്തേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇരുവരേയും ഉടന്‍തന്നെ കേരളത്തിലെത്തിക്കും. അതിനായി കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഡല്‍ഹിയിലെത്തി. സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ തോമസ് ഡാനിയല്‍ എന്ന റോയിയും ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയലും ഒളിവിലാണ്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാത്തതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. തുടര്‍ന്ന് നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പൊലിസ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. ഇതേതുടര്‍ന്ന് തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. പത്തനംതിട്ട വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് 2000 കോടി രൂപ നിക്ഷേപകരില്‍നിന്നു സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക കണക്കുകൂട്ടല്‍. ഇവര്‍ കേരളത്തിലും പുറത്തുമായി 1600ല്‍ അധികം നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി.
നൂറോളംപേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. 60 പേര്‍ പരാതി അറിയിച്ചതായും വിവരമുണ്ട്. അതിനിടെ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫിസ് ജപ്തി ചെയ്തു. 46 ലക്ഷം രൂപ കിട്ടാനുള്ള നിക്ഷേപകനായ അടൂര്‍ സ്വദേശി കെ.വി സുരേഷ് നല്‍കിയ ഹരജി പരിഗണിച്ച പത്തനംതിട്ട സബ് കോടതിയുടേതാണ് നടപടി. ഹരജി തീര്‍പ്പാകുന്നതുവരെ വസ്തു കൈമാറ്റം ചെയ്യാനാവില്ലെന്നും കോടതി വിധിച്ചു. റോയിയുടേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകള്‍ നേരത്തേതന്നെ മരവിപ്പിച്ചിരുന്നു. ഉടമ റോയ് ഡാനിയേലിന് പുറമെ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും കേസില്‍ പ്രതികളാകുമെന്നാണ് സൂചന.
അതേസമയം, വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഉടമയ്ക്കും ഭാര്യയക്കും എതിരേ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. നിലവില്‍ ഇരുവരും ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."