ബി.ജെ.പിയുടെ ക്ഷണം തള്ളി അണ്ണാ ഹസാരെ; 'നിങ്ങള്‍ അധികാരത്തിലെത്തിയിട്ട് എന്തു കാര്യമുണ്ടായി?'
മുംബൈ: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിനെതിരേ പാര്‍ട്ടി നടത്താനിരിക്കുന്ന പ്രക്ഷോഭത്തിലേക്ക് അണ്ണാ ഹസാരെയെ ക്ഷണിച്ച ബി.ജെ.പി വെട്ടില്‍.
ക്ഷണം നിരസിച്ച ഹസാരെ, ഈ ക്ഷണം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പരാജയമാണെന്ന് ആരോപിക്കുകയും 2014ല്‍ നിങ്ങള്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തു ആശാവഹമായ മാറ്റങ്ങളൊന്നും ഉണ്ടായതായി താന്‍ കരുതുന്നില്ലെന്നും തുറന്നടിച്ചു.
ഡല്‍ഹി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ കത്തിനുള്ള മറുപടിയിലായിരുന്നു ഹസാരെയുടെ വിമര്‍ശനം.
ഡല്‍ഹി സര്‍ക്കാരിനെതിരേ അഴിമതിയടക്കം ആരോപിച്ചു നടത്താനിരിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായിരുന്നു ബി.ജെ.പി അണ്ണാ ഹസാരെയെ ക്ഷണിച്ചത്. താങ്കള്‍ ഒരിക്കല്‍കൂടി ഡല്‍ഹിയിലെത്തി അഴിമതിക്കെതിരേ പോരാടണമെന്നായിരുന്നു ബി.ജെ.പി ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഈ ക്ഷണം അപ്രതീക്ഷിതമാണെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഇത്തരത്തില്‍ ഒരു ദരിദ്രനോട് ആവശ്യമുന്നയിക്കുന്നത് പാര്‍ട്ടിയുടെ പരാജയമാണെന്നും ഹസാരെ മറുപടി നല്‍കി. രാജ്യത്തിന്റെ ഭാവി നന്നാക്കുന്ന കാര്യത്തില്‍ ഒരു പാര്‍ട്ടിയെയും തനിക്കു വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായില്ലെന്നു പറഞ്ഞ ഹസാരെ, അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പി മോശമല്ലെന്നും സൂചിപ്പിച്ചു. അധികാരം കൈയിലുണ്ടായിട്ടും ഇത്തരം ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായി നീങ്ങാത്തതെന്താണെന്നും ഹസാരെ ചോദിച്ചു. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന നിങ്ങള്‍ സ്വന്തം തെറ്റുകള്‍ തിരുത്താനോ മനസിലാക്കാനോ തയാറാകാത്തത് എന്താണെന്നും ഹസാരെ ചോദിക്കുന്നുണ്ട്. 2011 മുതല്‍ ഡല്‍ഹിയില്‍ ഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം 2014ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു പുറത്താക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരും പിന്നീട് ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."