വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് പിളര്‍ന്നു
പാലക്കാട്: 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷനെന്ന മുദ്രാവാക്യവുമായി തുടങ്ങിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ശൈശവാവസ്ഥയില്‍ തന്നെ പിളര്‍ന്നു. ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന വിനോദ് ജോസിന്റെ നേതൃത്വത്തിലുള്ള വിഭാഗം സൊസൈറ്റി ആക്ട് പ്രകാരം പഴയ പേരില്‍ തന്നെ പുതിയ സംഘടന പ്രവര്‍ത്തിക്കാനുള്ള ഭരണഘടന ഭേദഗതി നടപടികള്‍ പൂര്‍ത്തിയാക്കി. സ്ഥാപകനേതാവ് ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ട്രസ്റ്റ് ആയി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തനം തുടരാനും തീരുമാനിച്ചു.
ആന്റണി പക്ഷത്തിന്റെയും വിനോദ് ജോസ് പക്ഷത്തിന്റെയും ഭരണഘടനപ്രകാരം നിശ്ചിത ആളുകളില്‍ സംഘടനാ നിയന്ത്രണം ഒതുങ്ങുന്ന തരത്തിലാണ് നിബന്ധനങ്ങള്‍. ഇരുവിഭാഗവും പരസ്പരം സാമ്പത്തിക ക്രമക്കേടുകളും വ്യക്തിതാല്‍പര്യങ്ങളും ആരോപിച്ചാണ് അണികളെ കൂടെനിര്‍ത്താന്‍ ശ്രമിക്കുന്നത്. അംഗത്വ ഫീസായി ആയിരം രൂപയാണ് ആന്റണി വിഭാഗം വാങ്ങിയിരുന്നത്.
പൊതുജനങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതിനെക്കാള്‍ സ്വീകാര്യത ലഭിക്കുന്നതിനാല്‍ ഭാവിയില്‍ സംഘടനയെ മറ്റൊരു വിഭാഗത്തിന് സ്വന്തമാക്കാനോ ഹൈജാക്ക് ചെയ്യാനോ പറ്റാത്ത രീതിയിലാണ് ഭരണഘടനയും സംഘടനാ സംവിധാനവും ഇരുവിഭാഗവും പുനഃക്രമീകരിച്ചിരിക്കുന്നത്. അതേസമയം, വിനോദ് ജോസ് വിഭാഗം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം സ്ഥാനാര്‍ഥികളെ നിര്‍ത്തി ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ മാത്രം എട്ടുലക്ഷം അംഗങ്ങളുണ്ടെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100നടുത്ത് മണ്ഡലങ്ങളിലും വി.ഐ.പി സ്ഥാനാര്‍ഥികള്‍ പോലും അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്നും തങ്ങള്‍ക്ക് ഓരോ പഞ്ചായത്തിലും ഏകദേശം 5,000 അംഗങ്ങളുണ്ടെന്നുമാണ് അവകാശവാദം. എറണാകുളത്തെ 20-20 മോഡലില്‍ കേരളമാകെ ത്രിതല പഞ്ചായത്തുകളില്‍ ഭരണമോ നിര്‍ണായക സ്വാധീനമോ ആവുകയാണ് ലക്ഷ്യമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം 'സുപ്രഭാത'ത്തോട് പറഞ്ഞു.
സംഘടനയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് വണ്‍ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ പുതിയ നീക്കങ്ങള്‍. എല്ലാവര്‍ക്കും പെന്‍ഷന്‍ വാങ്ങിത്തരാമെന്നും തങ്ങളുടെ കൂടെ നില്‍ക്കണമെന്നുമാണ് സംഘടനാനേതൃത്വം ജനങ്ങളോട് ആവശ്യപ്പെടുന്നത്. കോര്‍പറേറ്റുകളില്‍ നിന്നും അവരുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം സെസ് ഏര്‍പ്പെടുത്തി ആ തുക കൊണ്ട് പെന്‍ഷന്‍ നടപ്പാക്കണമെന്ന വാദത്തോടും സംഘടനാനേതൃത്വം മുഖംതിരിക്കുകയാണ്.
ഫണ്ട് കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോര്‍പറേറ്റുകളുടെ കാര്യം തങ്ങള്‍ പറയുന്നില്ലെന്നുമാണ് നേതാക്കള്‍ പ്രതികരിക്കുന്നത്.
ഏഴര ലക്ഷം ഫോളോവേഴ്‌സുള്ള സംഘടനയുടെ ഫേസ്ബുക്ക് പേജ് നിയന്ത്രിക്കുന്നത് ബി.ജെ.പി മീഡിയാവിഭാഗത്തിന്റെയും സൈബര്‍ വിഭാഗത്തിന്റെയും ഭാരവാഹിത്വമുള്ളയാളാണെന്ന വിവരങ്ങള്‍ പുറത്തുവന്നശേഷം സംഘടനാ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചത് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആര്‍.എസ്.എസുമായി തീവ്ര ബന്ധമുള്ളയാള്‍ അഡ്മിന്‍ ആയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ്. എന്നാല്‍, ഹാക്ക് ചെയ്യപ്പെട്ട എഫ്.ബി പേജ് റിക്കവര്‍ ചെയ്യാനുള്ള ഒരു ശ്രമവും സംഘടന നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."