അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണം: സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുവത്തൂരില്‍ തുടക്കം
ചെറുവത്തൂര്‍: സ്‌കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പദ്ധതി രൂപപ്പെടുത്തി നടപ്പാക്കുന്നതിന്റെ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമാകും. ഭിന്ന മേഖലകളിലെ 76 പദ്ധതികളാണ് ഒന്നാം ഘട്ടമെന്ന നിലയില്‍ ഈ പഞ്ചായത്തിലെ 10 പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഓരോ പദ്ധതിയുടെയും പുരോഗതി വിലയിരുത്താന്‍ ഫലപ്രദമായ വിലയിരുത്തല്‍ സംവിധാനവും പിന്തുണാ സംവിധാനവുമുണ്ടാകും. അക്കാദമിക മാസ്റ്റര്‍ പ്ലാനുകളുടെ നിര്‍വഹണ പദ്ധതികള്‍ രൂപപ്പെടുത്തിക്കൊണ്ട് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തി പഥത്തിലെത്തിക്കാന്‍ സമഗ്ര ശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമാണ് കൈകോര്‍ക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷാവസാനമാണ് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കിയത്. പാദ വാര്‍ഷിക പരീക്ഷകള്‍ പ്രളയ ദുരന്തത്താല്‍ മുടങ്ങിക്കിടക്കുന്ന പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ ചലനാത്മകത വീണ്ടെടുത്തു കൊണ്ടു വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലാകെയും ഓളങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ നിര്‍വഹണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ തട്ടുകളിലുള്ള വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പരിശീലകര്‍ക്കുമുള്ള ത്രിദിന പരിശീലനം ചെറുവത്തൂരില്‍ പൂര്‍ത്തിയായി.
നിര്‍വഹണ പദ്ധതികളുടെ സമര്‍പ്പണത്തിനും ചര്‍ച്ചയ്ക്കും പങ്കുവയ്ക്കലിനുമായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയുടെ അധ്യക്ഷതയില്‍ പ്രത്യേക പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നു. സമഗ്ര ശിക്ഷാ അഭിയാന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. ടി.പി കലാധരന്‍, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫിസര്‍ ഷൈലാ ജാസ്മിന്‍, സമഗ്ര ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ.എം.വി ഗംഗാധരന്‍ , ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം.കെ വിജയകുമാര്‍, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍, ഹൊസ്ദുര്‍ഗ് ബി.പി.ഒ വി. മധുസൂദനന്‍, ബി.ആര്‍.സി പരിശീലകന്‍ പി.വി ഉണ്ണിരാജന്‍, പി.ഇ.സി കണ്‍വീനര്‍ പി. മാധവന്‍, കെ. മോഹനന്‍, പി. ശ്രീലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."