കുടുംബശ്രീ ദുരിതാശ്വാസ ഫണ്ട് പഞ്ചായത്ത് പിടിച്ചുവാങ്ങിയെന്ന് പരാതി
കാസര്‍കോട്: കുടുംബശ്രീ ദുരിതാശ്വാസ ഫണ്ട് പഞ്ചായത്ത് പിടിച്ചുവാങ്ങിയെന്ന് കലക്ടര്‍ക്കു പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കുടുംബശ്രീ സമാഹരിച്ച തുക ചെങ്കള പഞ്ചായത്ത് പിടിച്ചുവാങ്ങിയെന്നാണ് കുടുംബശ്രീ അംഗങ്ങളും എ.ഡി.എസ് ഭാരവാഹികളും കലക്ടര്‍ ഡോ. സജിത്ത്ബാബുവിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ദുരിതാശ്വാസ സഹായത്തിനായി കുടുംബശ്രീ സമാഹരിച്ച തുക പഞ്ചായത്തിനു കൈമാറണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ഹാജി എന്നിവര്‍ നിര്‍ദേശിച്ചതായി പറയുന്നു. സാധാരണ ഗതിയില്‍ കുടുംബശ്രീ സമാഹരിക്കുന്ന തുക കുടുംബശ്രീ ജില്ലാമിഷന്‍ മുഖേനയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. ജില്ലയിലെ 37 പഞ്ചായത്തുകളില്‍ നിന്നും മൂന്ന് നഗരസഭകളില്‍നിന്നുമായി 41 കുടുംബശ്രീ സി.ഡി.എസും കുടുംബശ്രീ ജില്ലാമിഷന്‍ വഴി തുക കൈമാറിയപ്പോള്‍ ചെങ്കള പഞ്ചായത്ത് സി.ഡി.എസ് മാത്രമാണ് തുക പഞ്ചായത്തിനു കൈമാറിയത്.
അയല്‍ക്കൂട്ടങ്ങളിലൂടെ 1000രൂപ വീതം ചെങ്കള പഞ്ചായത്ത് സി.ഡി.എസ് സമാഹരിക്കുകയും ഇങ്ങനെ സമാഹരിച്ച 2,64,331രൂപ കഴിഞ്ഞ മാസം 21ന് പഞ്ചായത്തിന്റെ ആവശ്യപ്രകാരം കൈമാറുകയുമായിരുന്നു. എന്നാല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ എടനീരിലെ കുടുംബശ്രീ അംഗങ്ങള്‍ സമാഹരിച്ച 21000രൂപ തിരിച്ചുവാങ്ങുകയും കുടുംബശ്രീ ജില്ലാ മിഷനു കൈമാറുകയും ചെയ്തു. അതോടെ മറ്റു വാര്‍ഡുകളിലെ അംഗങ്ങളും തങ്ങളേല്‍പിച്ച തുക തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് തിരിച്ചുനല്‍കിയില്ലെന്നു പറയുന്നു . പഞ്ചായത്തിനുതുക കൈമാറി ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പഞ്ചായത്ത് നല്‍കിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് കൗണ്ടര്‍ വഴി ദുരിതാശ്വാസ സഹായം സ്വീകരിച്ചത് ഡി.പി.സി നിര്‍ദേശ പ്രകാരമായിരുന്നെന്നും ഇവയ്ക്കു രസീതി നല്‍കിയിട്ടുണ്ടെന്നും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീം പറഞ്ഞു.
ദുരിതാശ്വാസ ഫണ്ട് പഞ്ചായത്ത് പിടിച്ചുവാങ്ങിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് കലക്ടര്‍ ഡോ. സജിത്ത്ബാബു പറഞ്ഞു. പരാതി അന്വേഷിക്കുന്നതിന് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന് (എ.ഡി.പി) ചുമതല നല്‍കിയതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."