ഇനി എത്ര പള്ളികള്‍ വിട്ടുകൊടുക്കേണ്ടിവരും?
ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെ തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനു ഭൂമിപൂജ നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഉദ്‌ഘോഷിച്ചത് അതൊരു പുതിയ തുടക്കമാണെന്നാണ്. എന്തിന്റെ തുടക്കമാണത്? മുസ്‌ലിം ന്യൂനപക്ഷവും രാജ്യത്തെ മതേതരവാദികളും സ്വാഭാവികമായും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാവണം. മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി പൊളിച്ച് തല്‍സ്ഥാനത്ത് ശ്രീകൃഷ്ണന് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി രഞ്ജന അഗ്നിഹോത്രിയും മറ്റു അഞ്ചു പേരും കോടതിയെ സമീപിച്ചതോടെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചന ലഭിച്ചു കഴിഞ്ഞു (ഇത് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു). എന്നാല്‍ ഹരജി ബാബരി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ തന്നെ. അയോധ്യയില്‍ രാംലല്ലയായിരുന്നു ഹരജിക്കാരന്‍. അതായത് രാംലല്ല വിരാജ്മാന്‍ എന്ന ഭൂമിയില്‍ പിറന്ന രാമന്‍. ശിശുവായ രാമന്‍. മഥുരയില്‍ ബാലനായ ശ്രീകൃഷ്ണനാണ് ഹരജിക്കാരന്‍. നീതി തേടി ദൈവപ്രതിഷ്ഠകള്‍ കോടതി കയറുകയും കോടതികള്‍ ഇത്തരം പ്രതിഷ്ഠകള്‍ക്ക് നിയമപ്രാബല്യമുള്ള വ്യക്തി എന്ന സ്ഥാനം കല്‍പിച്ചു കൊടുക്കുകയെന്ന അതിശയമാണ് ഇന്ത്യന്‍ ജുഡിഷ്യറിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശ്രീകൃഷ്ണന്റെ കാര്യത്തിലും അയോധ്യയില്‍ സംഭവിച്ചത് തന്നെ സംഭവിക്കുമെന്ന് കരുതാനാണ് ന്യായം. അതിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വി.എച്ച്.പി നേതാവും മുന്‍ എം.പിയുമായ വിനയ് കത്യാറിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. രാമന്റെ കാര്യത്തില്‍ ചെയ്തതെന്തോ അത് തന്നെ കൃഷ്ണന്റെ കാര്യത്തിലും ചെയ്യാന്‍ കാത്തുനില്‍ക്കുകയാണ് സംഘ്പരിവാര്‍. കോടതിയിലെ കേസ് അതിന്റെ ആദ്യ പടിയാണ്.
മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിനോട് തൊട്ടടുത്ത് നില്‍ക്കുന്ന പള്ളിയാണ് ഷാഹി ഈദ് ഗാഹ്. ഒരേ മതില്‍ക്കെട്ടില്‍ തൊട്ട് തൊട്ട് രണ്ട് ആരാധനാലയങ്ങള്‍. കൃഷ്ണന്റെ ജന്മസ്ഥാനമായ മഥുരയിലെ ക്ഷേത്രം തകര്‍ത്ത് ഔറംഗസീബ് ചക്രവര്‍ത്തി പള്ളി പണിതു എന്നാണ് വാദം. ഒരിക്കല്‍ പ്രതിഷ്ഠയുണ്ടായിരുന്ന സ്ഥലം എക്കാലത്തും പ്രതിഷ്ഠയുണ്ടായിരിക്കേണ്ട സ്ഥലമാണെന്നാണ് ക്ഷേത്രത്തിന്റെ വക്താക്കള്‍ ഉറപ്പിച്ചു പറയുന്നത്. ഏതായാലും 1968ല്‍ കൃഷ്ണ ഭൂമി സന്‍സ്ഥാനും ഈദ് ഗാഹ് കമ്മിറ്റിയും തമ്മില്‍ എത്തിച്ചേര്‍ന്ന ഉടമ്പടിയനുസരിച്ച് ഭൂമി സന്‍സ്ഥാനിന്റേതാണ്. അതിന്റെ കൈകാര്യ കര്‍തൃത്വം ഈദ് ഗാഹ് കമ്മിറ്റിക്കാണ്. അതായത് ഹിന്ദുക്കളുടെ ഭൂമിയില്‍ മുസ്‌ലിം ആരാധനാലയം നടത്തിക്കൊണ്ട് പോകാം. എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമായ ഒത്തുതീര്‍പ്പാണിത്. ഈ ഒത്തുതീര്‍പ്പിനെയാണ് ഇപ്പോള്‍ സംഘ്പരിവാറിന്റെ ഭാഗത്തു നിന്ന് സന്ന്യാസി സമൂഹം ചോദ്യം ചെയ്യുന്നത്. ശ്രീകൃഷ്ണ സന്‍സ്ഥാന്‍ പള്ളി മാനേജ്‌മെന്റുമായി ചേര്‍ന്നു തട്ടിപ്പ് നടത്തി ഭൂമി മുസ്‌ലിംകള്‍ക്ക് വിട്ടുകൊടുത്തു എന്നാണ് ആക്ഷേപം.
അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന സ്വപ്നം പൂവണിഞ്ഞതോടെ മഥുരയില്‍ കൃഷ്ണ ക്ഷേത്രം എന്ന സ്വപ്നത്തിലേക്ക് ഹിന്ദുത്വരാഷ്ട്രീയം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതാണ് വസ്തുത. വാരാണസിയിലെ ജ്ഞാന്‍ വാപി പള്ളിയുടെമേലും ഹിന്ദു സന്ന്യാസിമാര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഹിന്ദു ക്ഷേത്രം തകര്‍ത്ത് ഔറംഗസീബ് നിര്‍മിച്ച പള്ളിയാണ് ഇതെന്നാണ് അവകാശവാദം. ഇന്ത്യയിലെ മൂവായിരത്തിലധികം പള്ളികള്‍ തിരിച്ചുകിട്ടണമെന്ന അവകാശവാദം വിശ്വഹിന്ദു പരിഷത്തിനുണ്ട്.
ചരിത്രത്തിലെ ശരിതെറ്റുകള്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെട്ടാലും ഒരു വിഭാഗം ആരാധന നടത്തിപ്പോരുന്ന ഇടങ്ങള്‍ മറ്റൊരു വിഭാഗം അവകാശപ്പെടുകയും ആ അവകാശം സ്ഥാപിച്ചു കിട്ടാന്‍ വേണ്ടി പ്രക്ഷോഭങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നത് അവസാനിക്കാത്ത സംഘര്‍ഷങ്ങളിലാണ് എത്തിച്ചേരുക. ഇത് മുന്‍കൂട്ടിക്കണ്ടാണ് ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ 1991ല്‍ ആരാധനാലയ നിയമം എന്ന പേരില്‍ ഒരു നിയമനിര്‍മാണം നടത്തിയത്. ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥാനത്ത് രാമക്ഷേത്രം പണിയണമെന്ന പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. 1991 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരസിംഹറാവു മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ഈ നിയമപ്രകാരം 1947 ഒാഗസ്റ്റ് 15 -നു ഒരു ആരാധനാലയം ആരുടെ ഉടമസ്ഥതയിലാണോ അവരില്‍ നിന്ന് പ്രസ്തുത ഉടമസ്ഥത മാറ്റാന്‍ പാടില്ല. പക്ഷേ ബാബരി മസ്ജിദിന് ഇത് ബാധകമല്ല.
ഈ നിയമമനുസരിച്ച് നോക്കിയാല്‍ മഥുരയിലെ ഈദ് ഗാഹ് മസ്ജിദിനും വാരാണസി മസ്ജിദിനും പ്രശ്‌നമൊന്നും വരാനില്ല. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ കാലാവസ്ഥയില്‍ നിയമത്തെ എത്രത്തോളം ആശ്രയിക്കാനാവും എന്നതാണ് പ്രശ്‌നം. നിയമം മാറ്റാം. മാറ്റിയില്ലെങ്കില്‍ത്തന്നെ ആള്‍ക്കൂട്ടത്തിന്റെയും അധികാരത്തിന്റെയും ബലപ്രയോഗം വഴി പള്ളി ക്ഷേത്രമാക്കിത്തീര്‍ക്കാം. ഇത്തരം സാധ്യതകളുയര്‍ത്തുന്ന ആശങ്കകളിലാണ് ന്യൂനപക്ഷങ്ങളും മതേതരവാദികളും.
എന്താണ് നിയമം?
1991 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കോണ്‍ഗ്രസ് പുറത്തിറക്കിയ മാനിഫെസ്റ്റോവില്‍ ഇങ്ങനെയൊരു നിയമമുണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബാബരി മസ്ജിദിന്റെമേല്‍ വിശ്വഹിന്ദു പരിഷത്തും സന്ന്യാസിമാരും ബി.ജെ.പിയും ശിവസേനയും മറ്റും ശക്തമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന കാലമാണത്. അതിന്റെ ചുവടുപിടിച്ച് ഇതര മുസ്‌ലിം ആരാധനാലയങ്ങളുടെ മേലും അവകാശ വാദങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവന്നു. ഇത് രാജ്യത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭീതിയില്‍ നിന്നാണ് ഈ നിയമമുണ്ടായത്. 1991 സെപ്റ്റംബര്‍ പത്തിനു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ അന്നത്തെ അഭ്യന്തരമന്ത്രി എസ്.ബി ചവാന്‍ പറഞ്ഞതു മുഴുവനും പഴയ മുറിവുകള്‍ ഉണക്കുന്നതിന്റെയും മത സൗഹാര്‍ദത്തിന്റെ പാരമ്പര്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെപ്പറ്റിയാണ്. ബില്ലിന്റെ ലക്ഷ്യം അതായിരുന്നു.
ഒരു ആരാധനാലയം 1947 ഓഗസ്റ്റ് 15 -നു ഏത് സ്വഭാവമാണോ പുലര്‍ത്തിയിരുന്നത് അത് മാറുകയില്ല എന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തു. ഒരാള്‍ക്കും അത് മാറ്റാന്‍ അവകാശമില്ല. ഈ നിയമം നിലവില്‍ വന്നതോടെ ഒരു ആരാധനാസ്ഥലത്തിന്റെ സ്വഭാവം മാറ്റുന്നത് സംബന്ധിച്ചു നിലവിലുള്ള എല്ലാ കോടതിക്കേസുകളും റദ്ദായി. യാതൊരു നിയമനടപടിക്കും പിന്നീട് അവസരമില്ലാതായി. ബാബരി മസ്ജിദ് രാമജന്മഭൂമിക്കേസ് മാത്രമായിരുന്നു ഇതിനു അപവാദം. ഈ തര്‍ക്കത്തില്‍ നിലവിലുള്ള കേസ് തുടരാനനുവാദമുണ്ടായി. അതുപ്രകാരമാണ് മാസങ്ങള്‍ക്ക് മുമ്പ് സുപ്രിംകോടതിയുടെ അന്തിമ വിധിയുണ്ടായത്.
1947 ഓഗസ്റ്റ് 15 -നു മുമ്പുള്ള എല്ലാ കേസുകളും അവസാനിച്ചുവെങ്കിലും 1947 ഓഗസ്റ്റ് - 15നു ശേഷം ആരാധനാലയങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയാല്‍ അത് നിയമപ്രകാരം ചോദ്യം ചെയ്യാവുന്നതാണ്. ഈ നിയമവ്യവസ്ഥകള്‍വച്ചു നോക്കിയാല്‍ രാജ്യത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടത് എന്ന് വി.എച്ച്.പി പറയുന്ന മൂവായിരം പള്ളികളില്‍ ഒന്നിന്റെ പോലും ഉടമാവകാശം അവര്‍ക്കു ലഭിക്കുകയില്ല. അയോധ്യയിലെയും വാരാണസിയിലെയും മസ്ജിദുകളുടെ തല്‍സ്ഥിതി മാറ്റാനാവുകയില്ല. എന്നിട്ടും എന്തുകൊണ്ട് ഇപ്പോഴൊരു നിയമ നടപടി എന്ന ചോദ്യത്തിന് ഒന്നേയുള്ളൂ ഉത്തരം - മെജോറിറ്റേറിയനിസത്തിന്റെ ബലം നിയമത്തിന്റെ ബലത്തേക്കാള്‍ കൂടുതലാണ്. ഈ നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷത്തെ തടവും പിഴയുമാണ് ശിക്ഷ - കുറ്റം ചെയ്യുന്നവര്‍ക്കും അതിനു കൂട്ടുനില്‍ക്കുന്നവര്‍ക്കും ശിക്ഷയുണ്ട്.
ബി.ജെ.പിയുടെ എതിര്‍പ്പ്
ഈ നിയമത്തെ ബി.ജെ.പി ശക്തമായി എതിര്‍ക്കുകയുണ്ടായി. രാജ്യത്ത് കോണ്‍ഗ്രസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്യൂഡോ സെക്കുലറിസത്തിന്റെ ഉദാഹരണമാണ് നിയമമെന്ന് പാര്‍ട്ടി വാദിച്ചു. മുസ്‌ലിം പ്രീണനത്തിന്റെ പേരില്‍ സര്‍ക്കാരിനെ പാര്‍ലമെന്റിലും പുറത്തും പാര്‍ട്ടി വിമര്‍ശിച്ചു. തീര്‍ഥാടന കേന്ദ്രങ്ങളും ശവസംസ്‌കാര സ്ഥലങ്ങളും സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട വിഷയങ്ങളാകയാല്‍ നിയമം നിലനില്‍ക്കുകയില്ലെന്നായിരുന്നു ഒരു എതിര്‍പ്പ്. എന്നാല്‍ യൂണിയന്‍ ലിസ്റ്റിലെ 97ാം വകുപ്പ് പ്രകാരം തങ്ങളില്‍ പ്രസ്തുത അധികാരം നിക്ഷിപ്തമാണെന്നായിരുന്നു കേന്ദ്രനിലപാട്.
ഈ നിയമം നിലവിലുള്ളപ്പോള്‍ മഥുരയിലെയും വാരാണസിയിലെയും പള്ളികളടക്കം രാജ്യത്തെ 3000 പള്ളികള്‍ തകര്‍ക്കപ്പെടുമോ എന്ന ഭീഷണി അസ്ഥാനത്താണ് എന്ന് ആശ്വസിക്കാമോ? നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ അതെ എന്ന് പറഞ്ഞു കൂടാ. ബാബരി മസ്ജിദ് ഭൂമി കേസിലുണ്ടായ സുപ്രിംകോടതി വിധിയുടെ പാഠം അതാണ്. പള്ളി തകര്‍ത്തത് നിയമ വിരുദ്ധമാണെന്ന് കോടതി പറഞ്ഞു, തര്‍ക്ക സ്ഥലം ക്ഷേത്രമായിരുന്നു എന്നതിന് വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞു, ഹിന്ദുക്കളുടെ അവകാശം സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് പറഞ്ഞു - പക്ഷേ ചില വികാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയായിരുന്നു കോടതി. പള്ളി തകര്‍ത്തതു സംബന്ധിച്ചുള്ള ക്രിമിനല്‍ കേസില്‍ കഴിഞ്ഞ ദിവസം വന്ന വിധിയും ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമായിരുന്നില്ല മസ്ജിദ് തകര്‍ത്ത നടപടി എന്ന നിഗമനത്തിലാണ് ഊന്നുന്നത്. എല്ലാ പ്രതികളെയും വിട്ടയച്ചു. നിയമ ലംഘനങ്ങളോടുള്ള സാമാന്യാവസ്ഥയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
തകര്‍ക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു കൈക്കൊണ്ട നടപടികള്‍ ഈ സന്ദര്‍ഭത്തില്‍ നാം ഒരുവേള ഓര്‍ക്കുക - ക്ഷേത്രനിര്‍മാണമല്ല അന്നത്തെ അടിയന്തരാവശ്യം എന്ന് നെഹ്‌റു കരുതി. ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കരുതെന്ന് രാഷ്ട്രപതി രാജേന്ദ്രപ്രസാദിനു കത്തെഴുതി. ഇന്ന് കാര്യങ്ങള്‍ അപ്പാടെ മറിച്ചിടപ്പെട്ടിരിക്കുന്നു. രാമക്ഷേത്രത്തിന് ഭൂമി പൂജ നടത്തുന്നത് ഔദ്യോഗിക ചടങ്ങായി മാറി. അത് പുതിയൊരു ഇന്ത്യയുടെ നിര്‍മാണത്തിന്റെ തറക്കല്ലിടലായിത്തീര്‍ന്നു. കാലം അടിമുടി മാറിയിരിക്കെ 1991 ലെ ആരാധനാലയ നിയമം എങ്ങനെയായിരിക്കും പ്രവര്‍ത്തനക്ഷമമാവുക? കണ്ടറിയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."