ബോട്ട് സര്‍വിസ് മുന്നറിയിപ്പില്ലാതെ മുടങ്ങി: കൗതുകമായി വിദേശ സഞ്ചാരികളുടെ കുത്തിയിരുപ്പ് സമരം
മട്ടാഞ്ചേരി: ബോട്ട് സര്‍വിസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് യാത്രക്കാരായ വിദേശികള്‍ പ്രതിഷേധ സമരം നടത്തിയത് കൗതുകമായി . മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, സിനഗോഗ് എന്നിവ കാണാനെത്തിയ സഞ്ചാരികളാണ് ഒടുവില്‍ ക്ഷമകെട്ട് സമരത്തിനിറങ്ങിയത്.
ജര്‍മ്മനി, ഫ്രാന്‍സ് ഓസ്ട്രിയ ,ന്യൂസിലാന്റ് ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ ഇരുപതോളം പേര്‍ നാട്ടുകാര്‍ക്കൊപ്പം സമരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അത് ആദ്യ സംഭവവുമായി മാറി.
ആയിരകണക്കിനു സ്വദേശ-വിദേശ സഞ്ചാരികള്‍ അനുദിനം എത്തുന്ന മട്ടാഞ്ചേരി ബോട്ട് ജെട്ടിയില്‍ മുന്നറിയിപ്പില്ലാതെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സര്‍വിസ് നിര്‍ത്തിവച്ചിരിക്കുകയാണ്.ഇതോടെ വിനോദ സഞ്ചാരികളും നാട്ടുകാരും ദുരിതത്തിലായി.
വിദേശ സഞ്ചാരികള്‍ പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്താണ് എത്താറ്. ഒരു കേന്ദ്രത്തില്‍ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് സമയ ക്ലിപ്ത കണക്കാക്കി എത്തുന്ന ഇവര്‍ക്ക് ബോട്ടു മുടങ്ങിയാല്‍ പദ്ധതികള്‍ താളം തെറ്റുന്നു.ബോട്ടിന് 20മിനിറ്റ് യാത്രക്കെടുക്കുമ്പോള്‍ റോഡ് മാര്‍ഗ്ഗം ചിലപ്പോള്‍ ഒന്നര മണിക്കൂര്‍ എടുക്കും. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പോകേണ്ടവര്‍ വരെ ബോട്ട് സര്‍വിസ് ഇല്ലായെന്നറിഞ്ഞതോടെ അങ്കലാപ്പിലായി. ഈ സമയമാണ് നാട്ടുകാര്‍ സമരം നടത്തുന്നത് കണ്ടത്. ഉടനെ വിദേശികളും സമരത്തില്‍ അണിചേര്‍ന്നു.
സര്‍ക്കാരിനും എം.എല്‍.എക്കുമെതിരേ ഇംഗ്ലീഷിലും, ഫ്രഞ്ചിലും മുദ്രാവാക്യം ഉയര്‍ന്നു.
ജനകീയ സമതി കണ്‍വീനര്‍ എ .ജലാലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മലയാളത്തില്‍ മുദ്രവാക്യം മുഴക്കിയപ്പോള്‍ വിദേശികളും ഒരു വിധം ഏറ്റു വിളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."