സുബൈദ വധം: രക്ഷപ്പെട്ട മുഖ്യപ്രതിയെ കണ്ടെത്താനായില്ല
കാസര്‍കോട്: പൊലിസില്‍നിന്നു രക്ഷപ്പെട്ട പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധത്തിലെ മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനായില്ല. സുള്ള്യ അജ്ജാവര ഗുളുമ്പ ഹൗസിലെ അസീസിനെ കണ്ടെത്താനാകാതെയാണ് അന്വേഷണസംഘം കുഴയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് കുപ്രസിദ്ധ കുറ്റവാളിയായ അസീസ് അതിവിദഗ്ധമായി എസ്‌കോര്‍ട്ട് പോയ പൊലിസുകാരെ വെട്ടിച്ചു കടന്നുകളഞ്ഞത്. അസീസ് രക്ഷപ്പെട്ട ഉടന്‍തന്നെ പൊലിസ് വിവരം സുള്ള്യ പൊലിസിനു കൈമാറുകയും സുള്ള്യ പൊലിസ് ഇക്കാര്യം മറ്റ് പൊലിസ് സ്റ്റേഷനുകളില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ പൊലിസിന്റെ നേതൃത്വത്തില്‍ എട്ടോളം സംഘം അസീസിനുവേണ്ടി വലവിരിച്ചെങ്കിലും ഇയാള്‍ കുടുങ്ങിയില്ല. പ്രതി രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എസ്‌കോര്‍ട്ട് പോയ രണ്ട് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കാസര്‍കോട് എ.ആര്‍ ക്യാംപിലെ എന്‍.കെ മഹേഷ്, ശരത് ചന്ദ്രന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ കഴിഞ്ഞ ഏഴു മാസമായി റിമാന്‍ഡിലായിരുന്ന അസീസിനെ മഹേഷും ശരത്ചന്ദ്രനും ചേര്‍ന്നാണ് സുള്ള്യയിലെ കോടതിയിലേക്കു കൊണ്ടുപോയത്.
സുള്ള്യ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് അസീസ് ആവശ്യപ്പെടുകയായിരുന്നു. പൊലിസുകാര്‍ ഇതിനു സമ്മതിച്ച തക്കത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന മതില്‍ ചാടിക്കടന്നു രക്ഷപ്പെടുകയായിരുന്നു. സുള്ള്യയില്‍നിന്ന് ഇയാള്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലിസ്. കര്‍ണാടക പൊലിസ് പരിധിയില്‍നിന്നാണു പ്രതി രക്ഷപ്പെട്ടതെന്നതിനാല്‍ കേരള പൊലിസിന് ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ജില്ലാ പൊലിസ് മേധാവി പറയുന്നത്.
കഴിഞ്ഞ ജനുവരി 19നാണ് പെരിയ ചെക്കിപ്പള്ളത്തെ സ്വന്തം വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ചക്കകം അസീസ് ഉള്‍പ്പെടെ നാലുപേരെ പൊലിസ് അറസ്റ്റു ചെയ്യുകയും മൂന്നു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആറുവര്‍ഷത്തോളമായി വിവിധ കേസുകളില്‍ പൊലിസിന്റെ കണ്ണുവെട്ടിച്ചു നടക്കുകയായിരുന്ന അസീസിനെ സുബൈദ വധക്കേസില്‍ അതിസാഹസികമായാണ് സുള്ള്യ മടിക്കേരി പാതക്കരികിലെ കാട്ടില്‍നിന്നും കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. അസീസിനെ പിടികൂടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പൊലിസുകാര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം സുള്ള്യ കോടതിയില്‍ അസീസിനെ മറ്റൊരു കേസില്‍ ഹാജരാക്കുന്നതിനിടെയാണു പ്രതി രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."