ഏഴുമാസം നീണ്ട നിയമപോരാട്ടം; വിനോദിന് നാദാപുരത്തേക്ക് സ്ഥലംമാറ്റം
കോഴിക്കോട്: സര്‍ക്കാരിന്റെ സ്ഥലംമാറ്റ ഭീകരതയ്‌ക്കെതിരേ ഏഴുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഒഞ്ചിയം സ്വദേശിയായ വിനോദ്. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിങ് അസിസ്റ്റന്റായിരുന്ന കെ.എം വിനോദിനെ ഇക്കഴിഞ്ഞ ഫെബ്രവരി 28നാണ് മാനദണ്ഡ വിരുദ്ധമായി കോഴിക്കോട് മാനിസികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റിയത്.
പട്ടികജാതിക്കാരനും ഭിന്നശേഷിക്കാരനുമായ വിനോദ് വടകര ഗവ. ആശുപത്രിയില്‍നിന്ന് ഓര്‍ക്കാട്ടേരിയില്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നുമാസം കഴിയുന്നതിനു മുന്‍പാണ് വീണ്ടും കോഴിക്കോട്ടേക്കു സ്ഥലംമാറ്റിയത്. അന്യായമായ സ്ഥലംമാറ്റത്തിനെതിരേ ജില്ലാ മെഡിക്കല്‍ ഓഫിസറെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലംമാറ്റത്തിനെതിരേ കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചു. അഞ്ചാം ദിവസം ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിച്ചെങ്കിലും കലക്ടറുമായുണ്ടാക്കിയ ധാരണപ്രകാരം നാദാപുരത്തു നിയമനം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തയാറായില്ല. തുടര്‍ന്ന് വിനോദ് അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ പരാതി നല്‍കുകയായിരുന്നു.
വിനോദിന്റെ വികലാംഗ സര്‍ട്ടിഫിക്കറ്റ് കൃത്രിമമാണെന്നും തെറ്റായ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസറും ആരോഗ്യവകുപ്പ് ഡയറക്ടറും ട്രിബ്യൂണലില്‍ വാദിച്ചു. വിനോദിന്റെ നിയമനംപോലും ചോദ്യം ചെയ്യാനാണ് അധികാരികള്‍ ശ്രമിച്ചത്. തുടര്‍ന്ന് വിനോദിനെ വീണ്ടും മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് അയക്കുകയും വികലാംഗ സര്‍ട്ടിഫിക്കറ്റ് ശരിവയ്ക്കുകയും ചെയ്തു. ഇങ്ങനെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് വിനോദിനെ നാദാപുരം ഗവ. ആശുപത്രിയില്‍ നിയമിക്കാന്‍ കോടതി ഉത്തരവായത്.
രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍.എം.പി നേതാവിന് 'അമിത പരിചരണമൊരുക്കി'എന്നതാണ് വിനോദിനെതിരേയുള്ള വൈരാഗ്യത്തിനു കാരണം. സ്ഥലംമാറ്റത്തിനു മുന്‍പേ നിരവധി വ്യാജപരാതികള്‍ വിനോദിനെതിരേ നല്‍കിയിരുന്നു.
എന്‍.ജി.ഒ യൂനിയന്‍ നേതാക്കളുടെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്ദ്യോഗസ്ഥ മേധാവികള്‍ക്കുള്ള മുന്നറിയിപ്പാണു കോടതി വിധിയെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ വടകര ബ്രാഞ്ച് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."