ന്യൂനപക്ഷ വിധവകള്‍ക്ക് 2,000 വീടുകള്‍ നല്‍കും: മന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്കായി സര്‍ക്കാര്‍ 2,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതിയില്‍ നിര്‍മിക്കുന്ന ഒരു വീടിന് മൂന്നര ലക്ഷം രൂപ വീതം നല്‍കും. ഈ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 1,200 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷമാണ് ഓരോ വീടിനും നല്‍കിയത്. ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്ലാന്‍ ഫണ്ട് ഇനത്തില്‍ 99 കോടിയും നോണ്‍പ്ലാന്‍ ഫണ്ട് ഇനത്തില്‍ 17.60 കോടിയുമാണ് ചെലവഴിച്ചത്. വഖ്ഫ് ബോര്‍ഡിന്റെ സഹകരണത്തോടെ മലപ്പുറത്ത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് എന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് സ്‌കോളഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് എന്ന സ്‌കോളര്‍ഷിപ്പ് നടപ്പാക്കി. 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ന്യൂനപക്ഷ വിഭാഗത്തിലെ പാവപ്പെട്ടവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് അഞ്ചു കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു.
ജലീലിന്റെ മറുപടി വേളയില്‍ സഭയില്‍ ബഹളമുണ്ടായി. മറുപടിയില്‍ മുസ്‌ലിം ലീഗിനെതിരേ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങളാണ് ബഹളത്തിനു കാരണമായത്. ഈ പരാമര്‍ശങ്ങളിലും മന്ത്രിമാര്‍ മറുപടിപറയാന്‍ കൂടുതല്‍ സമയമെടുത്തതിലും പ്രതിഷേധിച്ച് ബഹളംവച്ച പ്രതിപക്ഷം പിന്നീട് ജലീലിന്റെ മറുപടി ബഹിഷ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."