പൊലിസിനെ കണ്ട് 41 പവന്‍ സ്വര്‍ണം ഉപേക്ഷിച്ചു
തളിപ്പറമ്പ്: പൊലിസിനെ കണ്ട് ഉപേക്ഷിച്ച 41 പവന്‍ സ്വര്‍ണം ഇന്ന് കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പില്‍ വ്യാപകമായ തോതില്‍ കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടന്ന് പൊലിസിന് വിവരം ളഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഒരു പൊതിയുമായി രണ്ടുപേര്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിക്കാനായി ഇവരുടെ സമീപത്തേക്ക് മഫ്ടിയിലുള്ള പൊലിസുകാര്‍ നീങ്ങിയപ്പോള്‍ കൈവശമുണ്ടായിരുന്ന പൊതി ഹോട്ടലിലേക്ക് വലിച്ചെറിഞ്ഞ് ഓടിപ്പോകുകയായിരുന്നു.
പൊലിസ് പൊതിയെടുത്ത് പരിശോധിച്ചപ്പോഴാണ് അതില്‍ സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടിയുമുള്‍പ്പെടെ 41 പവന്‍ സ്വര്‍ണമാണെന്ന് വ്യക്തമായത്. ഉപേക്ഷിക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയെന്ന നിലയില്‍ പൊലിസ് കേസെടുക്കുകയും ചെയ്തു. പിന്നീട് ഓടി രക്ഷപ്പെട്ടവര്‍ പൊലിസിനെ സമീപിച്ചതോടെയാണ് സംഭവത്തിലെ ദുരൂഹത മറനീക്കിയത്. ജ്വല്ലറികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ പണിത് എത്തിക്കുന്ന കാരിയര്‍മാരായ ആഗ്രയിലെ വിശ്വംഭര്‍, മേദ്‌ലാപൂരിലെ ശ്യാമള്‍ദാര്‍ എന്നിവര്‍ പോലിസിനെ കണ്ട് മോഷ്ടാക്കളാണെന്നു കരുതിയാണ് സ്വര്‍ണം ഹോട്ടലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. പൊലിസാണ് തങ്ങളെ സമീപിച്ചതെന്ന് മനസിലായതോടെയാണ് ഇവര്‍ സ്റ്റേഷനില്‍ എത്തിയത്. ചെറുവത്തൂരില്‍ ഒരു ജ്വല്ലറിക്ക് കൊടുക്കാനുള്ള സ്വര്‍ണമാണ് തങ്ങളുടെ പക്കലുണ്ടായിരുന്നതെന്ന് ഇവര്‍ അറിയിച്ചു. രേഖകള്‍ ഹാജരാക്കാന്‍ ഇവരോട് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."