സ്വപ്‌നയുടേതെന്ന ശബ്ദ സന്ദേശത്തില്‍ ദുരൂഹത: ഇ.ഡി അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന തരത്തില്‍ പുറത്തുവന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് ഇ.ഡി അന്വേഷണം തുടങ്ങി. അന്വേഷണം വഴിതെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോര്‍ഡ് ചെയ്തതാണോ ഈ ശബ്ദ സന്ദേശമെന്നാണ് ഉയരുന്ന സംശയം. ശബ്ദ സന്ദേശം പുറത്തുപോയത് വനിതാ ജയിലില്‍ നിന്നല്ലെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിഗും വ്യക്തമാക്കി. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണ്.
ഈ മാസം പത്തിനാണ് ഇ.ഡി സ്വപ്‌നയുടെ മൊഴിയെടുത്തത്. എന്നാല്‍ ശബ്ദസന്ദേശത്തില്‍ പറയുന്നത് ആറാം തീയതിയിലെ മൊഴിയെടുത്തതിനെക്കുറിച്ചാണ്. ഇതില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തല്‍.
അതേ സമയം ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശ പ്രകാരം ദക്ഷിണമേഖലാ ഡി.ഐ.ജി അജയകുമാര്‍ അട്ടക്കുളങ്ങര ജയിലിലെത്തി ശബ്ദ സന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന തരത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്നാണ് സ്വപ്ന സുരേഷിന്റേതായി ശബ്ദരേഖ പുറത്തുവന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്നതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവന്നത് ഇന്നലെയാണ്. അങ്ങനെ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞുവെന്നും സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയില്‍ പറയുന്നു.
''അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്‌മെന്റ് എന്ന് പറഞ്ഞാ, ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില്‍ യു.എ.ഇയില്‍ പോയി, സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോഷ്യേഷന്‍സ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍.
ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവര്‍ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്‌സ് ചെയ്ത്. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്‌നമുണ്ടാക്കിയത് കൊണ്ടേ..''..എന്നുപറഞ്ഞാണ് ശബ്ദരേഖ അവസാനിക്കുന്നത്.
കഴിഞ്ഞ ദിവസം ജയില്‍ വകുപ്പിനെതിരേ ഗുരുതരമായ ആരോപണം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ജയിലില്‍ നിരവധിപേര്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നും അതിന് ഡി.ജി.പി കൂട്ടുനിന്നുവെന്നുമായിരുന്നു ആരോപണം. ഇതിനെതിരേ കെ. സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ് ഋഷിരാജ് സിംഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."