തിരുവത്ര മഹല്ലിലെ അനൈക്യത്തിനെതിരേ യുവാവിന്റെ ഒറ്റയാള്‍ സമരം അഞ്ചാം ദിവസത്തിലേക്ക്
ചാവക്കാട്: തിരുവത്ര മഹല്ലിലെ അനൈക്യത്തിനെതിരേ അനിശ്ചിത കാല സത്യഗ്രഹ സമരവുമായി പി.എ സാദലിയുടെ ഒറ്റയാള്‍ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക് കടന്നു. തിരുവത്ര പുതിയറ പള്ളിക്ക് മുന്നില്‍ പ്രത്യേകം തയാറാക്കിയ സമര പന്തലിലാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ മഹല്ല് നിവാസിയായ പി.എ സാദലി സമരം ആരംഭിച്ചത്.
തിരുവത്ര ജമാഅത്ത് കമ്മിറ്റിയില്‍ രണ്ട് വിഭാഗങ്ങള്‍ വെവ്വേറെയായി സംഘടിച്ച് ഭരണത്തിന്റെ പേരില്‍ തര്‍ക്കം ആരംഭിച്ചിട്ട് 16 വര്‍ഷമായി. നിലവില്‍ രണ്ട് വിഭാഗമായാണ് ഭരണം നടത്തുന്നത്. ജില്ലയിലെ വലിയ മഹല്ലുകളിലൊന്നാണ് തിരുവത്ര മഹല്ല്. 2003ലെ ജനറല്‍ ബോഡി തെരഞ്ഞെടുപ്പോടെയാണ് ജമാഅത്ത് കമ്മിറ്റിയില്‍ ചേരിപ്പോരും തര്‍ക്കവും തുടങ്ങിയത്. യോഗം തുടങ്ങിയതോടെ ആരംഭിച്ച തര്‍ക്കം ബഹളത്തിലെത്തി. ഇതോടെ അലങ്കോലമായ തെരഞ്ഞുപ്പ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയുമായിരുന്നു. പിന്നീട് കമ്മിറ്റി രണ്ടായി പിളര്‍ന്ന് അതിലൊരു വിഭാഗം കമ്മിറ്റിയുമായി മുന്നോട്ടു പോയി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട് ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി വഖ്ഫ് ബോര്‍ഡിനോട് 2009 ല്‍ നിര്‍ദ്ദേശിച്ചു. വഖ്ഫ് ബോര്‍ഡ് രണ്ട് കക്ഷികള്‍ക്കും നോട്ടീസയച്ച് അവരവരുടെ വാദങ്ങള്‍കേട്ട ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്ന് അഡ്വ. ടി.എന്‍ സുജീര്‍ റിട്ടേണിങ് ഓഫിസറായെത്തി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ നിലവിലെ കമ്മിറ്റിയെ മാറ്റി നാട്ടുകാരായ കെ.നാവാസ്, പി.എം ഹംസ എന്നിവര്‍ പ്രസിഡന്റും സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എന്നാല്‍ എതിര്‍ വിഭാഗം ഈ നടപടിക്കെതിരേ വീണ്ടും പരാതിയുമായി വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ചു.
തിരുവത്ര ജമാഅത്ത് പള്ളിയില്‍ വഖ്ഫ് ബോര്‍ഡിന് ഇടപെടേണ്ട കാര്യമില്ലെന്നും പള്ളിയും വസ്തുക്കളും സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തുണ്ടാക്കിയ പഴയ കമ്മിറ്റിയുടേതാണെന്നും ഇവര്‍ അവകാശപ്പെട്ടു. ഇതേ തുടര്‍ന്നുള്ള വാദങ്ങള്‍ക്കൊടുവില്‍ 2014 നവംബറില്‍ മജിസ്‌ട്രേറ്റ് എസ്.എസ് വാസന്‍ ഇടക്കാല മുതവല്ലിയെ നിയോഗിച്ച് ഒരു വിധി പ്രഖ്യാപിച്ചു.
1991 ലാണ് സൊസൈറ്റി ആക്ട് പ്രകാരം തിരുവത്ര ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നതെന്നും എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ പള്ളിയും പള്ളിയുടെ വസ്തുവഹകളും നിലവിലുണ്ടായിരുന്നെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
2009ല്‍ തെരഞ്ഞെടുപ്പിലൂടെ വന്ന കമ്മിറ്റി അഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ മഹല്ലിലെ സമാധാനാന്തരീക്ഷം കണക്കിലെടുത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു. മൂന്ന് മാസത്തിനകം തെരഞ്ഞടുപ്പ് നടത്തണമെന്നുമായിരുന്നു വിധി.
തെരഞ്ഞെടപ്പ് കഴിഞ്ഞ് പുതിയ ഭരവാഹികളെ തെരഞ്ഞടുത്തതിന് ശേഷം കമ്മിറ്റി നിലവില്‍ വരുന്നത് വരെ പള്ളിയുടെ മുഴുവന്‍ ചുമതലയും മുതവല്ലിക്ക് നല്‍കിയിരുന്നു. എന്നാല്‍ മുതവല്ലി തിരുവത്രയിലെത്തി ചുമതലയേറ്റെടുത്തയുടനെ എതിര്‍ വിഭാഗം കോടതിയെ സമീപിച്ചു.
വീണ്ടും മഹല്ലില്‍ അനൈക്യം ഉടലെടുത്തു. മഹല്ല് ഭരണത്തിലെ പോരും തര്‍ക്കവും തുടര്‍ന്നതോടെയാണ് മഹല്ലില്‍ ഐക്യം വേണമെന്ന് അഭ്യര്‍ഥിച്ച് സാദലി സമരം ആരംഭിച്ചത്. ഇതിനിടയില്‍ മഹല്ലില്‍ ഇരു കമ്മിറ്റികള്‍ക്കും നേതൃത്വം നല്‍കുന്ന ഭാരവാഹികളെ ചാവക്കാട് സി.ഐ ജി. ഗോപകുമാര്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. രണ്ടായിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന തിരുവത്ര മഹല്ലില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കി പുതിയ കമ്മിറ്റിയുണ്ടാക്കണമെന്നാണ് സാദലിയുടെ ആവശ്യം. ഇക്കാര്യത്തില്‍ പിന്തുണയറിയിച്ച് ഇതിനകം അഞ്ഞൂറോളം നിവസികള്‍ സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും സാദലിയെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചു.
എം.എസ്.എസ് ജില്ലാ പ്രസിഡന്റ് ടി.എസ്. നിസമുദ്ദീന്‍ വെള്ളിയാഴ്ച്ച സമരപന്തലിലെത്തി പ്രശ്‌നത്തില്‍ ഇരുവിഭാഗവുമായി സംസാരിച്ച് സംഘടന മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളായ കെ.വി ഷാനവാസ്, കെ.എച്ച്. ഷാഹു, എം.ആര്‍. രാധാകൃഷ്ണന്‍, ടി.എ. ഹാരിസ്, കരുമ്പി അസൈനാര്‍കുട്ടി ഹാജി, മനയത്ത് യുസഫ് ഹാജി, ചാലില്‍ ഹംസ ഹാജി, ടി.എം. അബ്ദുല്‍ സലാം ഹാജി, എ.എം. അക്ബര്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി സാദലിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."