സഊദിയിൽ അരക്ക് താഴെ ചലനമറ്റ മലയാളി യുവാവ് നാടണയാൻ സഹായവും കാത്ത് ആശുപത്രിയിൽ
ദമാം: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് അരക്ക് താഴെ ചലനമറ്റ മലയാളി യുവാവ് നാടണയാൻ സഹായവും കാത്ത് ആശുപത്രിയിൽ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐദാൻ ആണ് ഒരു വർഷമായി കിഴക്കൻ സഊദിയിലെ ദമാം മുവാസാത് ആശുപത്രിയിൽ കഴിയുന്നത്. കഴിഞ്ഞ വർഷമാണ് ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഐദാനു ജോലി സ്ഥലത്തു വെച്ച് അപകടം സംഭവിക്കുന്നത്. വലിയ ഭാരമുള്ള ഒരു യന്ത്ര ഭാഗം ശരീരത്തിൽ പതിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
തുടർന്ന് ഐദാന്റെ കമ്പനി ഇടപെട്ട് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും അരക്ക് താഴെക്ക് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. കമ്പനിയും ഇന്ത്യൻ എംബസിയും ഇടപെട്ട് നാട്ടിൽ പോകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും അപ്രതീക്ഷിതമായെത്തിയ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെയായി. ഇപ്പോൾ കൊവിഡ് ഏറെക്കുറെ ഭേദമായ സ്ഥിതിക്ക് വിമാനത്തിൽ ഐദാന് വേണ്ട മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയാൽ നാട്ടിലേക്ക് പോകുന്നതിനു തടസ്സമില്ലെന്നു ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കളെ നഷ്ട്ടപ്പെട്ട ഐദാന് നാട്ടിലോ ചികിത്സയിൽ കഴിയുന്ന ദമാമിലോ ഉറ്റ ബന്ധുക്കളായി ആരും തന്നെ ഇല്ല. ഐദാന്റെ യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ എംബസിയും കമ്പനിയും നടത്തി വരികയാണെന്ന് ആശുപത്രിയിൽ സന്ദർശിച്ച ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അൻഷാദ് ആലപ്പുഴ, ജനറൽ സെക്രട്ടറി ഷജീർ തിരുവന്തപുരം, നിഷാദ് നിലംബൂർ എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."