ആര്‍ദ്രം പദ്ധതി സര്‍ക്കാര്‍ ആതുരാലയങ്ങള്‍ മോടികൂട്ടുന്നു
കല്‍പ്പറ്റ: ആദിവാസികള്‍ ഉള്‍പെടെ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആതുരാലയങ്ങളിലെ നവീകരണം പുരോഗമിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം മിഷന്‍ പദ്ധതികളുടെ ഭാഗമായുളള ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണം നടത്തുന്നത്. ഭൗതിക സാഹചര്യങ്ങള്‍ക്ക് പുറമേ ജീവനക്കാരുടെ കുറവും നികത്തിയാണ് കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക.
ജില്ലാ ആശുപത്രി കാത്ത്‌ലാബ്, ഐ.സി.യു മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക്, കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമമുറി എന്നിവ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. കായകല്‍പ്പ് പദ്ധതിയുടെ ഭാഗമായി ജില്ലാ ആസ്പത്രിയില്‍ രോഗി സൗഹൃദ സേവനം ഉറപ്പു വരുത്തും. ഒ.പി വിഭാഗം നവീകരിക്കാനുള്ള പ്രവൃത്തികളും നടന്ന് വരികയാണ്.
അപ്പപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് 75 ലക്ഷം രൂപ ചെലവുളള ഒ.പി ബ്ലോക്കിന്റെ നിര്‍മാണം, കോട്ടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 20 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം, വെങ്ങപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിനുളള കെട്ടിടം, പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കോണ്‍ഫറന്‍സ് ഹാളും ചുറ്റുമതിലും, പടിഞ്ഞാറത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ടൈല്‍ പതിക്കല്‍, ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ ലാബ് ടെക്‌നീഷന്‍മാരുടെ 11 തസ്തികകളും അസിസ്റ്റന്റുമാരുടെ 4 തസ്തികകളും പുതുതായി സൃഷ്ടിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വിവേക് കുമാര്‍ അറിയിച്ചു.
കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി കൈനാട്ടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷന്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രയില്‍ എക്‌സറേ, മോര്‍ച്ചറി, ബ്ലഡ്ബാങ്ക് എന്നിവയുടെ നിര്‍മാണം, 47 ലക്ഷം രൂപ ചെലവില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ പ്രവൃത്തി, ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് എന്നിവയാണ് ഇതിനകം പൂര്‍ത്തിയായ പ്രവൃത്തികള്‍.
മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി 14.5 ലക്ഷം രൂപയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ 10 ലക്ഷം രൂപയും അനുവദിച്ചു. ജീവിത ശൈലിരോഗ നിയന്ത്രണത്തിനായുള്ള ജീവനി പദ്ധതിക്ക് 9 ലക്ഷം രൂപയും ദേശീയ ആരോഗ്യ മിഷന്‍ അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും നവീകരിക്കാനും സേവനം കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ ആര്‍ദ്രം പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്.
ഗ്രാമീണ ആരോഗ്യ സംരക്ഷണനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ജില്ലയുടെ ആരോഗ്യ രംഗത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."