കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി: കേരളത്തിന്റെ ടൂറിസം വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയക്കെടുതിക്ക് ശേഷം കൂടുതല്‍ കരുത്തോടെ വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ സംസ്ഥാനം ഒരുങ്ങി. കേരള ടൂറിസം ആകര്‍ഷണീയമാണെന്ന് ട്രാവല്‍ മാര്‍ട്ടിലൂടെ നാം തെളിയിക്കുന്നു.
1500 ബയര്‍മാരാണ് കേരളത്തില്‍ എത്തിയത്. ആദ്യമായാണ് ഇത്രയധികം പേര്‍ എത്തുന്നത്. കേരള ടൂറിസത്തിലുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. വാണിജ്യ കൂടിക്കാഴ്ചകള്‍ക്കൊപ്പം ടൂറിസം മേഖലകളെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കും. ഇവിടെ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ഭാവി വികസനത്തിന് പ്രയോജനപ്പെടുത്തും. പല ടൂറിസം കേന്ദ്രങ്ങളിലെയും റോഡ്, പാലം, അടിസ്ഥാന സൗകര്യം നഷ്ടപ്പെട്ടു. 2000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം മേഖലയില്‍ ഉണ്ടായത്. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇവ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം വഴി കേരള ടൂറിസത്തെ ആഗോള ടൂറിസം ഭൂപടത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഒരു പ്രദേശം മാറുമ്പോള്‍ അവിടുത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നേട്ടമുണ്ടാകും. മലബാറിലെ നാടന്‍ കലകളുടെയും പൈതൃകങ്ങളുടെയും പ്രത്യേകത സഞ്ചാരികളിലേക്കെത്തിക്കാന്‍ ഉടന്‍ പദ്ധതി നടപ്പാക്കും. പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവ വൈവിധ്യവും ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ആരോഗ്യ ടൂറിസത്തിന് കേരളത്തില്‍ ഏറെ സാധ്യതയുണ്ട്. സര്‍ക്കാര്‍ നിക്ഷേപത്തിനൊപ്പം സ്വകാര്യ നിക്ഷേപവും പ്രയോജനപ്പെടുത്തും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്നതിന് ഗ്രീന്‍ കാര്‍പറ്റ് സംവിധാനം ശക്തപ്പെടുത്തും. പാരിസ്ഥിതിക സവിശേഷതകള്‍ കൂടി പരിഗണിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനക്കളെ അനുവദിക്കൂ.
അശാസ്ത്രീയവും പാരിസ്ഥിഘാതമുണ്ടാക്കുന്നവയുമായ പദ്ധതികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കെ.വി തോമസ് എം.പി, പത്മശ്രീ എ.എം യൂസുഫലി, എം.എല്‍.എ മാരായ ഹൈബി ഈഡന്‍ , തോമസ് ചാണ്ടി ,ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടുറിസം ഡയറക്ടര്‍ ബാലകിരണ്‍, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.30 നാണ് കെ.ടി.എം അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."