കൊവിഡ് വാക്‌സിന്റെ പേരില്‍ ഇന്ധന വിലക്കൊള്ള
അനുദിനം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില കൊവിഡില്‍ തളര്‍ന്ന സാധാരണക്കാരനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുറന്ന യുദ്ധമാണ്. കൊവിഡ് മഹാമാരി ജനജീവിതം ആഗോളാടിസ്ഥാനത്തില്‍ തന്നെ സ്തംഭിപ്പിച്ച അവസ്ഥയിലാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയും ബിസിനസും വ്യവസായങ്ങളും സ്തംഭിച്ച അവസ്ഥയിലും പെട്രോള്‍ -ഡീസല്‍ വില അന്തര്‍ദേശീയതലത്തില്‍ കാര്യമായി ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ മൂന്നുമാസമായി എണ്ണ വിലയില്‍ കാര്യമായ വര്‍ധന ഇന്ത്യയില്‍ ഉണ്ടാകാതിരുന്നത് ആഗോള വിപണിയിലെ സാമ്പത്തിക മാന്ദ്യത്താലായിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ എല്ലാ രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന ഉപയോഗത്തില്‍ കുറവ് അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇങ്ങനെ സംഭവിച്ചത്.
കൊവിഡ് പരുക്കേല്‍പിച്ച സാമ്പത്തിക തകര്‍ച്ചയില്‍നിന്നു സാധാരണക്കാര്‍ ഇപ്പോഴും മോചിതരായിട്ടില്ല. കൊവിഡ് വിപത്ത് ലോകത്തുനിന്നു ഒഴിഞ്ഞുപോയിട്ടില്ല എന്നത് തന്നെയാണ് മുഖ്യകാരണം. ഇതിനിടയിലാണിപ്പോള്‍ ഇന്ത്യയില്‍ അനുദിനം എണ്ണവില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതിനാലാണ് എണ്ണ വില കൂടുന്നതെന്നാണ് എണ്ണക്കമ്പനികള്‍ നിരത്തുന്ന ന്യായീകരണം. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഒന്‍പത് തവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില കൂട്ടിയത്. പെട്രോളിന് 1.12 രൂപയും ഡീസലിന് 1.80 രൂപയും രണ്ടു ദിവസം മുന്‍പ് കൂടിയിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് എണ്‍പത് രൂപയിലധികം നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. വില ഇങ്ങനെ കുതിക്കുകയാണെങ്കില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും നൂറ് രൂപയിലധികം ഈടാക്കാന്‍ ഒട്ടും താമസമുണ്ടാവില്ല.
കൊവിഡിനെ തുടര്‍ന്ന് നിലച്ച പൊതുവാഹനഗതാഗതം കൊവിഡിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. സാധാരണക്കാരിലധികവും ബസ്‌യാത്ര ഉപേക്ഷിച്ച മട്ടാണ്. അതിനാല്‍ തന്നെ വിരളമായാണ് ബസ് സര്‍വിസ് നടന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് ഭയം ജനങ്ങളില്‍നിന്ന് അകന്നുപോകാതിരിക്കുന്നതിനാലാണ് അവര്‍ പൊതുവാഹനയാത്രയില്‍നിന്ന് മാറിനില്‍ക്കുന്നത്. നിത്യവൃത്തിക്കായി ദൂരെ ദിക്കിലേക്ക് കൂലിപ്പണിക്ക് പോകുന്നവരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ ദൂരേക്ക് യാത്ര ചെയ്യേണ്ടിവരുന്നവരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില ഗുരുതരമായ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. എണ്ണ വില വര്‍ധിക്കുമ്പോള്‍ കടത്ത് കൂലിയും വര്‍ധിക്കും. അപ്പോള്‍ നിത്യോപയോഗ വസ്തുക്കളുടേയും വില ഉയരും. കൊവിഡ് കാലത്ത് രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ദരിദ്രകോടികളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ യുദ്ധപ്രഖ്യാപനമായി മാത്രമേ ഇപ്പോഴത്തെ വില വര്‍ധനവിനെ വിലയിരുത്താനാകൂ.
ഇന്ധന വില വര്‍ധിപ്പിക്കുവാന്‍ എണ്ണക്കമ്പനികള്‍ നിരത്തുന്ന മറ്റൊരു ന്യായം കൊവിഡിനെതിരേയുള്ള വാക്‌സിന്‍ ഫലപ്രാപ്തി കാണുന്നുവെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നതാണ്. ഇതേത്തുടര്‍ന്നാണത്രെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ കൊവിഡിന്റെ തുടക്കത്തില്‍ ക്രൂഡ് ഓയിലിന്റ വില കുത്തനെ ഇടിഞ്ഞപ്പോഴും വര്‍ധിപ്പിച്ച ഇന്ധനവിലയില്‍ അല്‍പം പോലും കുറയ്ക്കാന്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ സന്നദ്ധമായിരുന്നില്ല. കഴിഞ്ഞ മൂന്ന് മാസം മാത്രമാണ് ഇന്ത്യയില്‍ എണ്ണവിലയില്‍ കയറ്റിറക്കം ഇല്ലാതെ നിലനിന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വില കുറയുമ്പോള്‍ സര്‍ക്കാര്‍ പുതിയ നികുതി ചുമത്തി എണ്ണ വിലയുടെ കുറവ് സാധാരണ ജനങ്ങള്‍ക്ക് നിഷേധിക്കാറാണ് പതിവ്. എണ്ണക്കമ്പനികള്‍ക്ക് യഥേഷ്ടം വില വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ജനജീവിതം ദുസ്സഹമാക്കും വിധം വില അടിക്കടി വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തുടങ്ങിയത്. വില നിയന്ത്രണങ്ങളിലെ കയറ്റിറക്കത്തിന്റെ നേട്ടം കൊയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ മാത്രമാണ്. കൊവിഡിനെതിരേയുള്ള വാക്‌സിന്‍ വിപണിയിലെത്തിയാല്‍ ഇനിയും വില കുതിച്ചുയരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കൊവിഡ് വാക്‌സിന്‍ വരുന്നതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുമെന്നും അത് വഴി ഇന്ധന ഡിമാന്റ് വര്‍ധിക്കുമെന്നുമുള്ള കണക്കു കൂട്ടലിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ ദിവസം തോറും വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. പതിവുപോലെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാതെ മൗനം പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
എണ്ണ വിലയിലെ നിയന്ത്രണം ഘട്ടംഘട്ടമായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്. 2010ല്‍ പെട്രോളിന്റെയും 2014ല്‍ ഡീസലിന്റെയും വില നിയന്ത്രണം കേന്ദ്രം നീക്കി. തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് പതിവ് നടപടിയാക്കിയത്. സര്‍ക്കാര്‍ നല്‍കിയ ഈ അധികാരത്തിന്റെ ധൈര്യത്തിലാണ് രാജ്യാന്തര വിപണയില്‍ എണ്ണ വില കുറയുമ്പോഴും ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയില്‍ എണ്ണ വില നിയന്ത്രണമെന്നത് ഒരു ഭാഗത്തേക്ക് മാത്രം തുറക്കുന്ന പാതയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ മെയ് മാസത്തില്‍ ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് നികുതി വീണ്ടും പത്ത് രൂപയായും പതിമൂന്ന് രൂപയായും വര്‍ധിപ്പിച്ചു. ഇതോടെ ഇന്ധനത്തിന് ലോകത്ത് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യം എന്ന ദുഷ്‌പേര് ഇന്ത്യക്ക് സ്വന്തമാവുകയും ചെയ്തു.
കൊവിഡ് കാലത്ത് സാമ്പത്തിക പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ എണ്ണക്കമ്പനികളോടുള്ള ഈ സൗമനസ്യ പ്രകടനം. കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ ഉത്സാഹം കാണിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവന്‍ നിലനിര്‍ത്താനുള്ള നിലവിളി കേള്‍ക്കാതെ പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."