കണ്ടല്‍ വിത്തുകള്‍ നട്ടും പച്ചകെട്ടിയും വിദ്യാര്‍ഥികള്‍
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് സമീപം പഴയങ്ങാടി ജങ്ഷനില്‍ കരിഞ്ഞുണങ്ങിയ കണ്ടല്‍ക്കാടുകള്‍ വീണ്ടെടുക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ. ഇന്നലെ രാവിലെ 11.30ന് മലബാര്‍ പരിസ്ഥിതി സമിതി പ്രവര്‍ത്തകരുടെയും പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് കണ്ടല്‍ സംരക്ഷണ കവചമൊരുക്കിയത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ ക്ലാസെടുത്തു. ഉണങ്ങിയ കണ്ടല്‍ക്കാടുകളില്‍ പുതിയ കണ്ടല്‍ ചെടികളുപയോഗിച്ച് നടത്തിയ പച്ചകെട്ടല്‍ മാടായിപ്പാറ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കെ.പി ചന്ദ്രാംഗതന്‍ ഉദ്ഘാടനം ചെയ്തു. പി.പി രാജന്‍ ഭ്രാന്തന്‍ കണ്ടലിന്റെ വിത്ത് നട്ട് തുടക്കം കുറിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രാജു കലാകൂടം എന്നിവര്‍ കണ്ടല്‍ സംരക്ഷണ കവിത ചൊല്ലി. ഹിദായത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.പി യൂസുഫ്, അധ്യാപകരായ എ.എം വിനോദിനി, പി.വി പ്രസീത, പരിസ്ഥിതി പ്രവര്‍ത്തകരായ പള്ളിപ്രം പ്രസന്നന്‍, ചന്ദ്രന്‍ മാടായി, സി. ദേവദാസ്, രാമചന്ദ്രന്‍ പട്ടാനൂര്‍, വി.സി വിജയന്‍ പങ്കെടുത്തു.
പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാല നിര്‍മാണ ജോലികളുടെ ഭാഗമായിട്ടുള്ള സിമന്റ് കലര്‍ന്ന മലിനജലം ഒഴുക്കിയാണ് ഇവിടുത്തെ കണ്ടല്‍കാടുകള്‍ നശിച്ചത്. കരിച്ച കണ്ടല്‍ മരങ്ങള്‍ക്ക് പകരം പുതിയവ നട്ടു സംരക്ഷിക്കുന്നതു വരെ സമരം ശക്തമാക്കുമെന്നും വനം വകുപ്പ് ഇടപെട്ട് ഉത്തരവാദികള്‍ക്കെതിരേ പിഴ ചുമത്തണമെന്നും പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."