HOME
DETAILS
MAL
ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം തേടി
backup
December 12 2020 | 03:12 AM
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരേ അന്വേഷണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന വി.എസ് ശിവകുമാര്‍, കെ.ബാബു, കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല എന്നിവര്‍ ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കോഴ വാങ്ങി എന്നായിരുന്നു ബാര്‍ ഉടമയായ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയത്. വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ അന്ന് മന്ത്രിമാരായിരുന്നതിനാലാണ് വിജിലന്‍സ് ഗവര്‍ണറുടെ അനുമതി തേടിയത്. ബാര്‍കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി തേടാന്‍ ആദ്യം തീരുമാനിച്ചെങ്കിലും ആരോപണം ഉന്നയിച്ച സമയത്ത് ചെന്നിത്തല നിയമസഭാംഗം ആയിരുന്നതിനാല്‍ സ്പീക്കറുടെ അനുമതി മതി എന്ന നിയമോപദേശമാണ് ലഭിച്ചത്. തുടര്‍ന്ന് സ്പീക്കര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വിജിലന്‍സ് ഐ.ജി എച്ച്.വെങ്കിടേഷ് രാജ്ഭവനിലെത്തി അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ നേരിട്ട് വിശദീകരിച്ചിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലിലെ ചില കാര്യങ്ങളില്‍ വിജിലന്‍സ് ഡയരക്ടറോട് ഗവര്‍ണറുടെ ഓഫിസ് നേരത്തെ വിശദീകരണം തേടിയിരുന്നു. ഡയരക്ടര്‍ സ്ഥലത്തില്ലാത്തതിനാലാണ് ഐ.ജി ഗവര്‍ണറെ കണ്ട് വിശദീകരണം നല്‍കിയത്. എന്നാല്‍ ഇപ്പോഴത്തെ രേഖകള്‍ വച്ച് തീരുമാനമെടുക്കാനാകില്ലെന്ന് രാജ്ഭവന്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാര്‍ ഉടമകള്‍ പിരിച്ച ഒരു കോടി രൂപ രമേശിനും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ ശിവകുമാറിനും നല്‍കിയെന്നാണ് ബിജുരമേശിന്റെ ആരോപണം. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരേ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വകമാറ്റിയ പരാതിയിലും അന്വേഷണം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."