വള്ളം തകര്‍ന്ന് മൂന്നുപേരെ കാണാതായി; രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു
അപകടത്തില്‍പ്പെട്ടത് നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍
കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ തമിഴ്നാട് സ്വദേശികളുടെ വള്ളം ശക്തമായ കാറ്റില്‍പ്പെട്ട് തകര്‍ന്ന് മൂന്നുപേരെ കാണാതായി. രണ്ടു പേര് നീന്തി രക്ഷപെട്ട് കാക്കത്തോപ്പ് ഭാഗത്ത് തീരമണഞ്ഞു. തമിഴ്നാട് കൊല്ലങ്കോട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജു, ജോണ്‍ ബോസ്കൊ, സഹായരാജു എന്നിവരെയാണ് കാണാതായത്. മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലിസും കാണാതായവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് തിരച്ചില്‍. നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് നിക്കോള എന്ന വള്ളമാണ് മറിഞ്ഞത്. തകര്‍ന്ന വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ മരുത്തടി ഭാഗത്ത് തീരത്തടിഞ്ഞു. വ്യാഴാഴ്ച മത്സ്യബന്ധനത്തിന് പോയ വള്ളം മടങ്ങിവരവേ, ഇന്നലെ രാവിലെ പതിനൊന്നരയോടെ നീണ്ടകരയ്ക്ക് പടിഞ്ഞാറുഭാഗത്ത് വച്ച് ശക്തമായ കാറ്റില്‍പ്പെടുകയായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് രണ്ടുപേര്‍ നീന്തി തീരമണഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."