ജയിപ്പിച്ചതാര്? അതു മറക്കരുത്
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെയുള്ള കോലാഹലങ്ങളിലാണല്ലോ ഇപ്പോള്‍ ഭൂമിമലയാളം.
അപ്രതീക്ഷിത വിജയം വീണുകിട്ടിയ മുന്നണിയും പാര്‍ട്ടികളും അതിന്റെ ലഹരിയിലും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ വിജയം സംശയലേശമെന്യേ ആവര്‍ത്തിക്കുമെന്ന പൂര്‍ണവിശ്വാസത്തിലുമാണ്.
സര്‍ക്കാരിനെതിരേ കിട്ടിയ ആരോപണ ആയുധങ്ങള്‍ തങ്ങള്‍ക്കു വെന്നിക്കൊടി പാറിക്കാന്‍ അവസരം നല്‍കുമെന്നു തെരഞ്ഞെടുപ്പു പ്രഖ്യാപനഘട്ടം മുതല്‍ വോട്ടെണ്ണല്‍ പാതിവഴി പിന്നിടുംവരെ ഉറച്ചുവിശ്വസിച്ച മുന്നണികളും പാര്‍ട്ടികളും ഇപ്പോള്‍ പരസ്പരം പൂരപ്പാട്ടു പാടുകയാണ്. അതാകട്ടെ അടുത്തകാലത്തൊന്നും തീരുമെന്നു തോന്നുന്നില്ല. കൂടെനിന്നു കാലുവാരിയവരെക്കൊണ്ട് ക്ഷ വരപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് തോറ്റവരുടെ വാക്കും പ്രവൃത്തിയും.
സ്വന്തം പാര്‍ട്ടിയിലെയും സ്വന്തം മുന്നണിയിലെയും ശത്രുക്കള്‍ക്കു നേരേ വിരല്‍ ചൂണ്ടി ഗ്വാഗ്വാ വിളി നടത്തുന്ന ഇക്കൂട്ടരൊന്നും ഇനിയും മനസിലാക്കിയിട്ടില്ലെന്നു തോന്നുന്നു, സത്യത്തില്‍ ആരാണ് തങ്ങളെ തോല്‍പ്പിച്ചതെന്നും ജയിപ്പിച്ചതെന്നും.
പാര്‍ട്ടിയിലെയും മുന്നണിയിലെയും ഏതെങ്കിലും നേതാവ് കുതികാല്‍ വെട്ടിയതുകൊണ്ടോ സ്ഥാനാര്‍ഥിയുടെ മടിശ്ശീലയ്ക്കു വലിപ്പമുള്ളതു കൊണ്ടോ അല്ല, മിക്ക സ്ഥാനാര്‍ഥികളും തോല്‍ക്കുന്നതും ജയിക്കുന്നതും. അങ്ങനെയാണു സംഭവിക്കുന്നതെങ്കില്‍ കേരളത്തില്‍ തുടര്‍ച്ചയായി അട്ടിമറി വിജയങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
പാര്‍ട്ടി വോട്ടുകള്‍ അപ്രസക്തമാണെന്നല്ല. പാര്‍ട്ടി വോട്ടുകള്‍ അപൂര്‍വം സന്ദര്‍ഭങ്ങളിലൊഴികെ, ആ പാര്‍ട്ടിയോ, ആ പാര്‍ട്ടി ഉള്‍പ്പെടുന്ന മുന്നണിയോ നിര്‍ത്തിയ സ്ഥാനാര്‍ഥിക്കു തന്നെയായിരിക്കും കിട്ടുക. ടെലിഫോണ്‍ പോസ്റ്റിനെപ്പോലും സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയാല്‍ ജയിപ്പിക്കുമെന്നു ചില പാര്‍ട്ടികള്‍ക്കു വീരവാദം മുഴക്കാവുന്ന മണ്ഡലങ്ങള്‍ മുന്‍പ് ധാരാളം ഉണ്ടായിരുന്നു. ഇപ്പോഴും വിരളമായെങ്കിലും ഉണ്ട്.
അതു സമ്മതിച്ചുകൊണ്ടു തന്നെ പറയട്ടെ, പാര്‍ട്ടി ഭക്തന്മാരും അനുയായികളും ഉദാരമായും അന്ധമായും നല്‍കുന്ന വോട്ടുകള്‍ക്കപ്പുറം വിജയപരാജയം തീരുമാനിക്കുന്നത് നിഷ്പക്ഷവോട്ടര്‍മാരാണ്.അതതു സമയത്തെ രാഷ്ട്രീയസ്ഥിതിഗതി വിലയിരുത്തി, അതുവരെയുള്ള ഭരണത്തിന്റെ ഗുണനിലവാരം കണക്കാക്കി. സ്ഥാനാര്‍ഥിയുടെ മഹിമയും ദോഷവും തൂക്കി നോക്കി മാത്രമായിരിക്കും അവര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക. അവരുടെ തല ഒരു രാഷ്ട്രീയകക്ഷിയുടെയും കക്ഷത്തിലായിരിക്കില്ല.
ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതും കേട്ടതുമായ ചില കാര്യങ്ങള്‍ ഇവിടെ പറയട്ടെ.
നഗരസഭകളിലൊന്നിലെ ഡിവിഷനില്‍ മത്സരിച്ച സ്ഥാനാര്‍ഥി വോട്ടുചോദിക്കാന്‍ ഒരു റിട്ടയേഡ് കോളജ് അധ്യാപകന്റെ വീട്ടില്‍ ചെന്നു. കോളജ് അധ്യാപകന്‍ സ്ഥാനാര്‍ഥിയെ സൗഹൃദത്തോടെ സ്വീകരിച്ചു. പക്ഷേ, അടുത്ത നിമിഷം അദ്ദേഹത്തില്‍ നിന്നുണ്ടായ ചോദ്യങ്ങള്‍ സ്ഥാനാര്‍ഥിയെ ഞെട്ടിക്കുന്നതായിരുന്നു.
'നിങ്ങള്‍ക്ക് ഈ ഡിവിഷനെക്കുറിച്ച് എന്തൊക്കെ അറിയാം'. 'ഇവിടത്തെ പ്രശ്‌നങ്ങള്‍ പഠിച്ചിട്ടുണ്ടോ'. 'വല്ല സര്‍വേയും നടത്തിയിട്ടുണ്ടോ'. 'എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ഇവിടെ ചെയ്യാന്‍ പോകുന്നത്'. ചോദ്യശരങ്ങള്‍ കേട്ട് ആദ്യമൊന്നു പകച്ച സ്ഥാനാര്‍ഥി പെട്ടെന്നു തന്നെ കൈയിലെ നോട്ടുപുസ്തകം തുറന്നുകാട്ടി യുക്തിപൂര്‍വം മറുപടി നല്‍കി.
'പ്രത്യേക സര്‍വേയൊന്നും നടത്തിയിട്ടില്ലെങ്കിലും വോട്ടുചോദിച്ചു ഈ പ്രദേശത്തൊക്കെ പോകുമ്പോള്‍ താങ്കളെപ്പോലുള്ളവര്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളും പരാതികളും വിലയിരുത്തി പ്രാധാന്യമനുസരിച്ച് അവയ്ക്കു പരിഹാരം കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'.
രാഷ്ട്രീയം തലയ്ക്കു പിടിക്കാത്ത ആ റിട്ടയേഡ് കോളജ് അധ്യാപകന് സംതൃപ്തി നല്‍കുന്നതായിരുന്നു ആ മറുപടി.
എങ്കിലും അദ്ദേഹം അടുത്ത ചോദ്യശരങ്ങള്‍ തൊടുത്തു. 'പല സ്ത്രീകളും തെരഞ്ഞെടുക്കപ്പെട്ടാല്‍ ആരുടെയെങ്കിലും ബെനാമികളായാണു പ്രവര്‍ത്തിക്കുക'.
തന്റെ അനുഭവത്തിലെ ചില ഉദാഹരണങ്ങള്‍ നിരത്തി അദ്ദേഹം വീണ്ടും ചോദിച്ചു. 'നിങ്ങളും അതേപോലെ ആകില്ലെന്ന് എന്താണ് ഉറപ്പ്'.
'താന്‍ ഇന്ന തസ്തികയില്‍ നിന്നു വിരമിച്ചയാളാണെന്നും ജോലിയില്‍ ആരെങ്കിലും വരയ്ക്കുന്ന വരയിലല്ല, നിയമം അനുശാസിക്കുന്ന രീതിയില്‍ മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും ആ നിലപാടു തന്നെ തുടരാനാണ് ഇനിയും ആഗ്രഹിക്കുന്നതെന്നും അവര്‍ സൗമ്യമായി പറഞ്ഞു'.
അതും ആ റിട്ടയേഡ് കോളജ് അധ്യാപകനില്‍ മതിപ്പുളവാക്കിയെന്ന് അദ്ദേഹത്തിന്റെ മുഖഭാവം വ്യക്തമാക്കി.
എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'ഇത്രയും കേട്ടതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കു വോട്ടുചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ, ഉറപ്പു പറയുന്നില്ല. ഇവിടെ മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികള്‍ വേറെയും ഉണ്ടല്ലോ. അവരോടും ഈ ചോദ്യങ്ങള്‍ ചോദിക്കും. അവരുടെ മറുപടിയും കേള്‍ക്കും. എന്നിട്ടേ തീരുമാനത്തിലെത്തൂ'.
ഈ സംഭവം ഇത്രയും വിശദമായി പറഞ്ഞത്, ഇത്തരത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി സമ്മതിദാനാവകാശം നിര്‍വഹിക്കുന്ന വോട്ടര്‍മാര്‍ ഏറെയുണ്ടെന്നു ബോധിപ്പിക്കാനാണ്. ഒരുപക്ഷേ. അപൂര്‍വം ചിലരേ ഈ കോളജ് അധ്യാപകനെപ്പോലെ തുറന്നടിച്ചു ചോദിക്കുകയും നിലപാടു വ്യക്തമാക്കുകയും ചെയ്യൂ. നിഷ്പക്ഷമതികളില്‍ മഹാഭൂരിപക്ഷവും സ്ഥാനാര്‍ഥികളോട് സമ്മതഭാവത്തില്‍ പെരുമാറും. എങ്കിലും തീരുമാനം ആ പെരുമാറ്റത്തിന് അനുസൃതമാകണമെന്നില്ല.
മുസ്‌ലിം തീവ്രവാദ പാര്‍ട്ടിയെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടി സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്ത ഹിന്ദുസുഹൃത്തിനോട് അതിന്റെ കാരണം അന്വേഷിച്ചു. 'അയാളെ എനിക്കു നന്നായി അറിയാം. കളവും ചതിയുമില്ലാത്തവനാണ്. ഏതു പാര്‍ട്ടിക്കാരനായാലും ആളു നന്നായാല്‍ മതിയല്ലോ' എന്നായിരുന്നു മറുപടി.
കടുത്തതോല്‍വി ഏറ്റുവാങ്ങിയ ഘട്ടത്തില്‍, 'മാന്‍പേടയെ ദുഷ്ടമൃഗങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നപോലെ നിഷ്‌കളങ്കനായ എന്നെ നിങ്ങളെല്ലാവരും അതിക്രൂരമായി ആക്രമിക്കുന്നല്ലോ'യെന്നു മാധ്യമങ്ങളോടു കരഞ്ഞുവിളിക്കുന്ന നേതാക്കള്‍ ആദ്യം ആലോചിക്കേണ്ടത് മേല്‍പ്പറഞ്ഞ നിഷ്പക്ഷ വോട്ടര്‍മാരുടെ മനസില്‍ കടുന്നു കൂടാന്‍ തങ്ങള്‍ക്കും പാര്‍ട്ടിക്കും തങ്ങളുടെ സ്ഥാനാര്‍ഥിക്കും കഴിഞ്ഞിരുന്നോ എന്നാണ്. നേരം വെളുത്തയുടന്‍ നാലു പ്രസ്താവനയിറക്കിയാല്‍ രാഷ്ട്രീയസൂര്യന്‍ ഉദിക്കില്ല.
ഇപ്പോള്‍ കിട്ടിയ വിജയത്തിന്റെ പേരില്‍ അഹങ്കരിക്കാന്‍ പോകുന്ന പാര്‍ട്ടികളോടും നേതാക്കന്മാരോടും പറയാനുള്ളതും അതു തന്നെയാണ്, ഇത് നിഷ്പക്ഷമതികളുടെ താല്‍ക്കാലികമായ ഔദാര്യം മാത്രമാണ്. മറ്റൊരാളോടുള്ള അവമതിപ്പു മൂലം നിങ്ങള്‍ക്കു ലോട്ടറി പോലെ കിട്ടിയ ഒന്ന്. അതിന്റെ പേരില്‍ അഹങ്കരിച്ചാല്‍, ഇതേ വോട്ടര്‍ പിടിച്ചു താഴെയിടും.
ഒരു കാര്യം ഓര്‍ക്കുക. രാഷ്ട്രീയകക്ഷികളുടെ കക്ഷത്തില്‍ അന്ധമായി തല വച്ചുകൊടുക്കാത്ത വോട്ടര്‍മാര്‍ മിക്ക മണ്ഡലത്തിലും അഞ്ചുമുതല്‍ പതിനഞ്ചുശതമാനം വരെയുണ്ട്. അവരാണ് കാലാകാലങ്ങളില്‍ വിധി മാറ്റിയെഴുതുന്നത്.
ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും അവരാണ്. അതു മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."