കേസുകള്‍ മെന്‍ഷന്‍ ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഹ്രസ്വചടങ്ങുകള്‍ അവസാനിച്ചതോടെ സുപ്രിംകോടതിയിലെത്തിയ ഗൊഗോയ്, 12 മണിയോടെ തന്നെ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതി മുറിയിലിരുന്ന് കേസുകള്‍ കേട്ടുതുടങ്ങി.
ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കേ അദ്ദേഹത്തിന്റെ കൂടെ കോടതി മുറിയിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ജസ്റ്റിസ് യു.യു ലളിതിന്റെ ബെഞ്ചിലേക്കും എ.എം ഖാന്‍വില്‍കര്‍ മൂന്നാം നമ്പര്‍ കോടതി മുറിയില്‍ മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബെഞ്ചിലേക്കും മാറി. മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരാണ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിലെ മറ്റംഗങ്ങള്‍.
കേസുകള്‍ അടിയന്തരമായി പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് മുമ്പാകെ സൂചിപ്പിക്കുന്ന സംവിധാനത്തിന് (മെന്‍ഷന്‍ ചെയ്യല്‍) രഞ്ജന്‍ ഗൊഗോയ് നിയന്ത്രണമേര്‍പ്പെടുത്തി. ഒരാളെ വധശിക്ഷയ്ക്കു വിധിക്കല്‍, വീട്ടില്‍നിന്ന് ഇറക്കിവിടല്‍പോലുള്ള അടിയന്തരസ്വഭാവമുള്ള കേസുകള്‍ മാത്രമേ ഇനിമുതല്‍ മെന്‍ഷന്‍ ചെയ്യാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
ഇതുപ്രകാരം റോഹിന്‍ഗ്യകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ ഉന്നയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഇതിനകം തന്നെ അഞ്ചു മിനിറ്റു പാഴായി എന്നു പറഞ്ഞ് ഭൂഷന്റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ്, അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രം മെന്‍ഷന്‍ ചെയ്താല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസായി അധികാരമേറ്റതില്‍ അഭിനന്ദിച്ചെത്തിയ മലയാളി അഭിഭാഷകന്‍ മാത്യൂ നെടുമ്പാറയേയും രഞ്ജന്‍ ഗൊഗോയ് തിരിച്ചയച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ച ഒഴിവിലേക്കാണ് ഗൊഗോയിയുടെ നിയമനം. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് 64 കാരനായ ഗൊഗോയ്.
അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് അദ്ദേഹം. ജഡ്ജിമാരുടെ നിയമനത്തിന് അധികാരമുള്ള മുതിര്‍ന്ന അഞ്ചു ജഡ്ജിമാരടങ്ങുന്ന കൊളീജിയത്തില്‍ ദീപക് മിശ്രയുടെ ഒഴിവിലേക്ക് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ എത്തി. അടുത്തവര്‍ഷം നവംബര്‍ 17ന് ഗൊഗോയി വിരമിക്കുമ്പോള്‍ ബോബ്‌ഡെയാവും ചീഫ് ജസ്റ്റിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."