വിദേശികളുടെ ആശ്രിതരുടെ ലെവി; പ്രത്യാഘാതങ്ങൾ പഠിക്കണമെന്ന് ശൂറ കൗൺസിലിൽ വീണ്ടും ആവശ്യം
റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയെ കുറിച്ച് വീണ്ടും ശൂറ കൗൺസിൽ ചർച്ച. ആശ്രിത ലെവി വർധിപ്പിച്ചത് സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് ഉയർത്തിയാണ് വീണ്ടും ഇപ്പോൾ ചർച്ചയായത്. കഴിഞ്ഞ ദിവസം ചേർന്ന ശൂറ കൗൺസിൽ യോഗത്തിലാണ് ആശ്രിത ലെവി വർധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങൾ പഠന വിധേയമാക്കണമെന്ന് വീണ്ടും ആവശ്യമുയർന്നത്. സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശൂറാ കൗണ്‍സിലില്‍ നടന്ന ചര്‍ക്കിടെ എന്‍ജിനീയര്‍ നബീഹ് അല്‍ബറാഹിം അടക്കമുള്ള ഏതാനും അംഗങ്ങളാണ് ആശ്രിത ലെവിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ടത്.
ആവശ്യത്തിലധികം വിദേശികൾ രാജ്യത്ത് കഴിയുന്നുവെന്ന വാദം മാറ്റി വെച്ച് ആശ്രിത ലെവി സമൂഹിക സാമ്പത്തിക മേഖലകളിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കണമെന്നാണ് ശൂറാ കൗൺസിൽ സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തോട് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2017 ജൂലൈ മുതൽ ആശ്രിത ലെവി ഫീസ് ചുമത്തിയതിനെ തുടർന്നുണ്ടായ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളുടെ വസ്തുതകളും കണക്കുകളും പഠനം ഉൾക്കൊള്ളണമെന്നും എഞ്ചിനീയർ അൽ ബറാഹിം ആവശ്യപ്പെട്ടു. പഠനത്തിൽ രാജ്യത്തിന്റെ തൊഴിൽ വിപണിയിലെ അധിക വിദേശ തൊഴിലാളികളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ തൊഴിലാളികളുടെ ഭാര്യയും കുട്ടികളടക്കമുള്ള ആശ്രിതർക്ക് വൻതോതിലുള്ള ലെവിയാണ് വർഷം തോറും നൽകേണ്ടി വരുന്നത്. ഇത് വിദേശികൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനാൽ ഇതിനകം തന്നെ നിരവധി വിദേശി കുടുംബങ്ങളാണ് രാജ്യം വിട്ടത്. വിദേശ കുടുംബങ്ങൾ കൂട്ടമായി രാജ്യം വിടുന്നത് രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മേഖലകടക്കം വിവിധ മേഖലകളിൽ കനത്ത നഷ്ടമുണ്ടാകുമെന്നും ഇതിൽ പുനർ നിർണ്ണയം വേണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."