പൈലറ്റാവാന്‍ ഇനി സഊദി വനിതകളും
ജിദ്ദ: പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് 30 സഊദി യുവതികളെ വിദേശങ്ങളിലേക്ക് അയക്കുന്നതിന് സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് നടപടികള്‍ ആരംഭിച്ചു.
കിങ് സല്‍മാന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് ഇവരെ പൈലറ്റ് കോഴ്‌സ് പഠിക്കുന്നതിന് വിദേശത്തേക്ക് അയക്കുന്നത്. സഊദി നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അമേരിക്കയിലും കാനഡയിലും പൈലറ്റ് കോഴ്‌സിന് ചേരുന്നതിന് ആഗ്രഹിക്കുന്ന യുവതികളെ തെരഞ്ഞെടുക്കാന്‍ നടപടികള്‍ ആരംഭിച്ചത്.
കോഴ്‌സ് പൂര്‍ത്തിയാക്കി സ്വദേശത്ത് തിരിച്ചെത്തുന്നവര്‍ സഊദിയയില്‍ പൈലറ്റും അസിസ്റ്റന്റ് പൈലറ്റും ആയി ജോലി ചെയ്യേണ്ടിവരുമെന്നും വ്യവസ്ഥയുണ്ട്.
ഏവിയേഷന്‍ സയന്‍സ് കോഴ്‌സ് പഠിക്കുന്നതിന് ഈ വര്‍ഷം 331 വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പോടെ വിദേശങ്ങളിലേക്ക് അയക്കുമെന്ന് സഊദിയ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ഏവിയേഷന്‍ സയന്‍സില്‍ ബാച്ചിലര്‍ ബിരുദം പൂര്‍ത്തിയാക്കിയ 143 ട്രെയിനികളെ കൊമേഴ്‌സ്യല്‍ ഏവിയേഷന്‍ ലൈസന്‍സും ഡിപ്ലോമയും നേടുന്നതിന് സ്‌കോളര്‍ഷിപ്പോടെ വിദേശങ്ങളിലേക്ക് അയക്കും. ഏവിയേഷന്‍ എന്‍ജിനീയറിംഗ്, എന്‍ജിന്‍ മെയിന്റനന്‍സ്, ഇലക്‌ട്രോണിക് സിസ്റ്റം, സെക്യൂരിറ്റി സിസ്റ്റം എന്നിവ പഠിക്കുന്നതിന് 278 വിദ്യാര്‍ഥികളെയും ഈ വര്‍ഷം വിദേശങ്ങളിലേക്ക് അയക്കും.
എയര്‍പോര്‍ട്ട് ഓപറേഷന്‍സ് കോഴ്‌സ് പഠിക്കുന്നതിന് ആറു വിദ്യാര്‍ഥികളെയും സഊദിയ വിദേശങ്ങളിലേക്ക് അയക്കും. ശരീഅത്ത് വ്യവസ്ഥകള്‍ക്ക് അനുസൃതമായി സഊദി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് സഊദിയ മുന്‍നിരയിലുണ്ട്.
ഫിനാന്‍സ്, ഐ.ടി, കസ്റ്റമര്‍ റിലേഷന്‍സ്, ബുക്കിംഗ് സെന്റര്‍, സെയില്‍സ് ഓഫീസുകള്‍, കാറ്ററിംഗ് കമ്പനി, ഫുര്‍സാന്‍ ലോഞ്ചുകള്‍ എന്നിവിടങ്ങളിലെല്ലാം സ്വദേശി വനിതകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പൈലറ്റ് ലൈസന്‍സ് നേടിയ സഊദി യുവതി ഹനാദി അല്‍ഹിന്ദിക്കും യാസ്മിന്‍ അല്‍മൈമനിക്കും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. പൈലറ്റുമാരായും കോപൈലറ്റുമാരായും വനിതകളെ നിയമിച്ചു തുടങ്ങിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് ഇവരുടെ അപേക്ഷകള്‍ കമ്പനികള്‍ നിരസിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സഊദിയിലെ ഒരു വിമാന കമ്പനിയില്‍ വൈകാതെ പൈലറ്റായി ജോലി ലഭിക്കുമെന്ന കാര്യത്തില്‍ പ്രത്യാശയുണ്ടെന്ന് ക്യാപ്റ്റന്‍ ഹനാദി അല്‍ഹിന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."