സെര്‍ജി സ്‌ക്രിപ്പലിനെതിരായ രാസായുധപ്രയോഗം റഷ്യക്കെതിരേ യു.എസ് ഉപരോധം
സിഡ്‌നി: മുന്‍ ഇരട്ട ഏജന്റ് സെര്‍ജി സ്‌ക്രിപ്പലിനെ ബ്രിട്ടനില്‍ വച്ച് മാരകവിഷം കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിന്റെ പേരില്‍ റഷ്യക്കെതിരേ യു.എസ് ഉപരോധം. സ്‌ക്രിപ്പലിനെയും മകളെയും കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിലെ സലിസ്ബറിയില്‍ വച്ച് നോവിചോക് എന്ന മാരകരാസവസ്തു ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള വായ്പയോ സാമ്പത്തിക സാങ്കേതിക സഹായമോ റഷ്യക്ക് ലഭിക്കുന്നതിനെ യു.എസ് എതിര്‍ക്കുമെന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പറഞ്ഞത്. റഷ്യക്കുള്ള യു.എസ് ബാങ്കുകളുടെ സഹായവും തടയും. അതോടൊപ്പം റഷ്യയിലേക്ക് ചരക്കുകളും സാങ്കേതികവിദ്യയും കയറ്റുമതി ചെയ്യുന്നതും പരിമിതപ്പെടുത്തുമെന്ന് ഒര്‍ട്ടാഗസ് വ്യക്തമാക്കി.
രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പില്‍ രാസായുധപ്രയോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവമാണ് സലിസ്ബറി ആക്രമണം. ഇതേത്തുടര്‍ന്ന് റഷ്യന്‍ നയതന്ത്രജ്ഞരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പുറത്താക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം റഷ്യ തങ്ങളുടെ പങ്ക് നിഷേധിക്കുകയായിരുന്നു. റഷ്യയുടെ സൈനിക രഹസ്യാന്വേഷണ ഏജന്‍സിയായ ഗ്രുവിലെ മുന്‍ ഉദ്യോഗസ്ഥനായ ക്രിസ്പല്‍ റഷ്യക്കും ബ്രിട്ടന്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്കുമിടയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് 2006ലാണ് അറസ്റ്റിലായത്.
ജനുവരിയില്‍ ഗ്രൂ മേധാവി ഉള്‍പ്പെടെ ഒന്‍പത് റഷ്യന്‍-സിറിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ യൂറോപ്യന്‍ യൂനിയന്‍ രാസായുധ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."