ഹജ്ജ് 2019:കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള കിസ്വ കൈമാറി
മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്വ കൈമാറി. സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് അല്‍ശൈബിക്ക് കിസ്വ കൈമാറിയത്.
നേരത്തത്തെ നിര്‍മ്മാണം പൂര്‍ത്തിയായ കിസ്വ ഹറം കാര്യ അധികൃതര്‍ നിര്‍മ്മാണ കമ്പനിയില്‍ നിന്നും ചെന്ന് പരിശോധന നടത്തിയിരുന്നു. പുതിയ കിസ്വ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ് ഒമ്പതിന് കഅബയെ അണിയിക്കും. ഇതിനുള്ള കരാര്‍ കൈമാറ്റ ചടങ്ങുകള്‍ക്ക് ശേഷം ഇരു ഹറം കാര്യാലയ വകുപ്പ് മേധാവിയും മക്ക ഇമാമുമായ ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസും കഅബ താക്കോല്‍ സൂക്ഷിപ്പ് കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് അല്‍ശൈബിയും ഒപ്പുവെച്ചു. വര്ണറേറ്റില് നടന്ന കിസ്വ കൈമാറ്റ ചടങ്ങില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്, ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ്, മസ്ജിദുല്‍ ഹറാം കാര്യാലയ അണ്ടര്‍സെക്രട്ടറിയും കിംഗ് അബ്ദുല്‍ കോംപ്ലക്സ് കിസ്വ ഫാക്ടറി മേധാവിയുമായ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍മന്‍സൂരി എന്നിവര്‍ സംബന്ധിച്ചു.
പ്രകൃതിദത്തമായ പട്ടില്‍ നിര്‍മിക്കുന്ന കിസ്വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. കിസ്വയുടെ ഉയരം 14 മീറ്ററാണ്. മുകളില്‍നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്ലാമിക് കാലിഗ്രാഫി കഷ്ണങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്വയുടെ ഉള്‍വശത്ത് വെളുത്ത കട്ടി കൂടിയ കോട്ടന്‍ തുണിയുണ്ടാകും.
ആകെ അഞ്ചു കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങള്‍ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നില്‍ തൂക്കുന്ന കര്‍ട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേര്‍ക്കുയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ചാണ് കിസ്വ നിര്‍മിക്കുന്നത്. ഒരു കിസ്വ നിര്‍മിക്കുന്നതിന് എട്ടു മുതല്‍ ഒമ്പതു മാസം വരെ എടുക്കും. ഹജ് തീര്‍ഥാടകരുടെ തിരക്ക് ആരംഭിച്ചതോടെ കിസ്വ ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. കിസ്വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."