ജില്ല ഡിഫ്തീരിയ ഭീതിയില്‍: ജാഗ്രത വേണം
മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു. സുല്‍ത്താന്‍ ബത്തേരി തൊവരിമലയിലെ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും ബാധിച്ച് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പി.സി.ആര്‍, സ്വാബ് കള്‍ച്ചര്‍ എന്നിവ മണിപ്പാല്‍ വൈറോളജി ലാബോറട്ടറിയില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 11 വയസുള്ള ആണ്‍കുട്ടി, പൂതാടി പഞ്ചായത്തിലെ ഒരു യുവതി, മാനന്തവാടിയിലെ 15 വയസുകാരി, ചീരാലിലെ ഒന്‍പത് വയസുകാരന്‍, വെള്ളമുണ്ട പഞ്ചായത്തിലെ യുവതി എന്നിവര്‍ക്ക് നേരത്തെ ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രധാനമായും കുട്ടികളേയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ഇത് ബാധിക്കുന്നുണ്ട്. ഈ വര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ പിടിപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗപ്രതിരോധത്തിനായി ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് നടന്ന് വരുന്നുണ്ട്.
കൊറെയിന്‍ ബാക്ടീരിയം ഡിഫ്ത്തിരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് എന്ന് വിളിക്കുന്ന ഡിഫ്ത്തീരിയ. പനി, തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും വേഗം വൈദ്യസഹായം തേടണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകാം.
രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തി ഹൃദയം, മസ്തിഷ്‌കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണത്തിന് വരെ കാരണമാകുന്നു. മാത്രമല്ല കഴുത്തിലെ വീക്കം മൂലം ശ്വാസ തടസമുണ്ടായും മരണം സംഭവിക്കാം. എറിത്രോ മൈസിന്‍ എന്ന ആന്റി ബയോട്ടിക് മെഡിസിനും, ഡിഫ്ത്തീരിയ ആന്റി ടോക്‌സിനും ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവിലുള്ളത്.
രോഗപ്രതിരോധത്തിനുള്ള ഏകമാര്‍ഗം യഥാസമയത്തുള്ള രോഗപ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ്. ഇനിയും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടില്ലാത്ത കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."