കെവിന്‍ വധക്കേസ് വിധി 22ലേക്ക് മാറ്റി, ദുരഭിമാനക്കൊലയെന്നതിന് വ്യക്തത വേണം
കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് 22 ലേക്ക് മാറ്റി. കേസ് ദുരഭിമാനക്കൊലയാണോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നതിനായി മാറ്റിയത്. ഇന്നലെ പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ദുരഭിമാനക്കൊലയാണോ എന്നതില്‍ അഭിപ്രായം കോടതി ആരാഞ്ഞിരുന്നു. താഴ്ന്ന ജാതിയിലുള്ള കെവിനുമായുള്ള വിവാഹബന്ധം അംഗീകരിക്കാനാകാത്തതാണ് കൊലപാതകത്തിന് കാരണമെന്ന വിശദീകരണം പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കെവിന്‍ പിന്നാക്ക സമുദായക്കാരനാണ്. ഇതു സംബന്ധിച്ച് വില്ലേജില്‍ നിന്നും രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. അതിനാല്‍ ഇത് ദുരഭിമാനക്കൊല തന്നെയാണ് പ്രോസിക്യൂഷന്‍ വാദിച്ചു. കെവിന്‍ താഴ്ന്ന ജാതിയില്‍പെട്ട ആളായതിനാല്‍ നീനുവുമായുള്ള വിവാഹം അംഗീകരിക്കാന്‍ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും തയാറായില്ല. മുഖ്യസാക്ഷി ലിജോയോട് ഒന്നാം പ്രതി സാനു ചാക്കോ നടത്തിയ ഫോണ്‍ സംഭാഷണം ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണ്. ഇതെല്ലാം ജാതീയത വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ ക്രൈസ്തവര്‍ക്കിടയില്‍ താഴ്ന്ന വിഭാഗമോ ഉയര്‍ന്ന വിഭാഗമോ ഇല്ലെന്നായിരുന്നു പ്രതിഭാഗം മറുവാദം ഉന്നയിച്ചത്. മൂന്നു തലമുറകളായി തങ്ങള്‍ ക്രൈസ്തവരാണെന്നാണ് മുഖ്യസാക്ഷി അനീഷ് പറഞ്ഞിട്ടുണ്ട്. കെവിന്റെയും തന്റെയും മുത്തച്ഛന്മാര്‍ മുതല്‍ ക്രിസ്ത്യാനികളായിരുന്നു. പ്രതിപ്പട്ടികയിലുള്ളവര്‍ വ്യത്യസ്ത ജാതി -മത വിഭാഗങ്ങളിലുള്ളവരാണെന്നും ഈ സാഹചര്യത്തില്‍ ദുരഭിമാനക്കൊലയെന്ന് എങ്ങനെ പറയാനാകുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കെവിന്റെയും നീനുവിന്റെയും വിവാഹം ഒരു മാസത്തിനകം നടത്തിക്കൊടുക്കാമെന്ന് ചാക്കോ പൊലിസ് സ്റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നു. ദുരഭിമാനം ഉണ്ടെങ്കില്‍ ഇത് സമ്മതിക്കുമോയെന്നും പ്രതിഭാഗം ചോദിച്ചു. ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് ചാക്കോ ഇങ്ങനെ പറഞ്ഞതെന്ന് നീനുവും മൊഴി നല്‍കിയതായി പ്രതിഭാഗം കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."