ഗ്യാസ് സ്റ്റൗ വിതരണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം
മാള: കുഴൂര്‍ പഞ്ചായത്തിലെ പ്രളയ ബാധിതര്‍ക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തിയതില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് തിരുമുക്കുളം വില്ലേജ് ഓഫിസില്‍ വെച്ച് ഗ്യാസ് സ്റ്റൗ വിതരണം നടത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രളയത്തില്‍ എല്ലാം നശിച്ചവര്‍ക്കായുള്ള സഹായ വിതരണം. പഞ്ചായത്തിലെ നൂറിലധികം പേര്‍ക്കായാണു ഗ്യാസ് സ്റ്റൗ വിതരണം നടത്തിയത്.
പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്കാണ് ഗ്യാസ് സ്റ്റൗ നല്‍കിയതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നപ്പോള്‍ വില്ലേജ് ഓഫിസില്‍ നിന്നറിയിച്ചത്.
എന്നാല്‍ അല്‍പം വെള്ളം കയറിയ വീടുകളിലേക്ക് കൊടുത്തപ്പോള്‍ മേല്‍ക്കൂര വരെ വെള്ളത്തില്‍ മുങ്ങുകയും ആറ് ദിവസത്തോളം അതേ അവസ്ഥ തുടരുകയും ചെയ്തവര്‍ക്ക് സഹായം കൊടുത്തില്ലെന്നാണു ആക്ഷേപം. പഞ്ചായത്തില്‍ ഏതാനും കുടുംബങ്ങളുടെ വീടുകള്‍ മാത്രമാണ് പൂര്‍ണമായും തകര്‍ന്നത്.
വീടിന്റെ ഒരുഭാഗം ഇടിഞ്ഞവര്‍ക്കും താമസയോഗ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കും ഈ സഹായം കിട്ടിയിട്ടില്ല. വീടിന് യാതൊരു കേടുപാടുകള്‍ ഉണ്ടാകാത്തവര്‍ക്കും പ്രളയത്തില്‍ നിസാര നാശനഷ്ടങ്ങളുണ്ടായവര്‍ക്കുമാണ് കൂടുതലായും സൗജന്യ ഗ്യാസ് സ്റ്റൗ ലഭിച്ചത്.
അതേസമയം വീടിന് വിള്ളല്‍ സംഭവിച്ചവര്‍ക്കും സകലതും നഷ്ടപ്പെട്ടവര്‍ക്കും ഈ സഹായം കിട്ടിയില്ല. അതേസമയം സൗജന്യമായി മൂന്നും നാലും വരെ ഗ്യാസ് സ്റ്റൗ വിവിധ, കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചവര്‍ക്കും ഈ സഹായം കിട്ടിയിട്ടുണ്ടെന്നാണ് ആക്ഷേപം. പഞ്ചായത്തില്‍ നിന്നുള്ള ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ സഹായവിതരണം നടത്തിയതെന്നാണ് വില്ലേജ് അധികൃതരുടെ വിശദീകരണം.
പ്രളയത്തില്‍ ഏറ്റവും കൂടുതലായി നാശനഷ്ടങ്ങളും ദുരിതങ്ങളുമുണ്ടായത് കൊച്ചുകടവ്, കുണ്ടൂര്‍, മേലാംതുരുത്ത്, തിരുത്ത, വയലാര്‍, മുത്തുകുളങ്ങര, മൈത്ര, കൈനാട്ടുതറ, കൊളത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ്.
എന്നാല്‍ കുഴൂര്‍, പാറപ്പുറം തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും ഈ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് വരെ പരാതികള്‍ കൊടുത്തിരിക്കുകയാണ്. കൃത്യമായ സര്‍വേ നടത്തി അര്‍ഹരായവരിലേക്കെല്ലാം സഹായം എത്തിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."