തുഷാര്‍ നല്‍കിയ വണ്ടിച്ചെക്കുകളെല്ലാം മടങ്ങി: നസീല്‍ ജയിലില്‍ കിടക്കേണ്ടിവന്നത് ആറുമാസം, ഈ രാഷ്ട്രീയ നേതാവ് തകര്‍ത്തത് യുവസംരഭകന്റെ സ്വപ്നം: കേള്‍ക്കണം ഈ ചെറുപ്പക്കാരന്റെ സങ്കടക്കഥ
ദുബൈ: ഇലക്ട്രോണിക്സില്‍ ബി.ടെ.ക് ബിരുദ്ധം നേടി യു.എ.ഇ.യിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു നസീല്‍ അബ്ദുല്ലയെന്ന തൃശൂര്‍ മതിലകം സ്വദേശി. പിന്നീട് ഇദ്ദേഹം സ്വന്തമായി ആരംഭിച്ച കമ്പനി പച്ചപിടിച്ചുവരികയായിരുന്നു.
നാല്‍പതോളം തൊഴിലാളികള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കി. പത്ത് വര്‍ഷം മുന്‍പാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബോയിംഗ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ സബ് കോണ്‍ട്രാക്ട് നസീല്‍ അബ്ദുല്ലയുടെ കമ്പനി എടുക്കുന്നത്. ഇതോടെ തകര്‍ന്നടിഞ്ഞത് ഒരു യുവ സംരംഭകന്റെ ഒരുപാട് സ്വപ്‌നങ്ങളാണ്. പല തവണകളിലായി തുഷാര്‍ നസീലിനെ കമ്പളിപ്പിച്ചു. കൈയില്‍ നിന്നും പണം മുടക്കിയും പരിചയമുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ കടം വാങ്ങിയും കുറേ പിടിച്ചു നിന്നു. അങ്ങനെയും കുറേ വര്‍ക്ക് തീര്‍ത്തു.
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിയ്ക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം ചെയ്തിരുന്നത്. എന്നാല്‍ പണത്തിനുപകരം ചെക്കായിരുന്നു ബോയിംഗ് കമ്പനി നസീലിന് സ്ഥിരമായി നല്‍കിയത്. പണം നല്‍കാമെന്നു പറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് മാത്രമല്ല പണം നല്‍കാമെന്ന് പറഞ്ഞ അവധി ദിനങ്ങള്‍ കഴിഞ്ഞ് പോവുകയും ചെയ്തു.
സാധനം വാങ്ങിയ വകയില്‍ പല സ്ഥാപനങ്ങള്‍ക്കും നസീലും സ്വന്തം ചെക്ക് നല്‍കിയിരുന്നു. എന്നാല്‍ തുഷാറിന്റെ കമ്പനി ഭീമമായ പണം നല്‍കാതെ വന്നതോടെ ചെക്കെല്ലാം മടങ്ങി. ആറു മാസത്തോളമാണ് നസീലിന് ഇതിന്റെപേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നത്.
ആറുമാസത്തോളം ഈ ചെറുപ്പക്കാരന്‍ ജയിലില്‍ കിടന്നപ്പോള്‍ ആരും രക്ഷക്കുണ്ടായിരുന്നില്ല. ഒരു പത്രത്തിലും ചാനലിലും വാര്‍ത്ത നല്‍കിയില്ല. വഞ്ചിക്കപ്പെട്ട തന്നെ സഹായിക്കാനോ പ്രതിസന്ധിഘട്ടത്തില്‍ കൂടെ നില്‍ക്കാനോ സര്‍ക്കാറോ സംഘടനകളോ വന്നില്ല. പ്രമുഖ വ്യക്തികള്‍ ജാമ്യത്തുകകെട്ടി പുറത്തിറക്കാനും മുന്നോട്ടുവന്നിരുന്നില്ലെന്നും നാസില്‍ ചൂണ്ടിക്കാട്ടുന്നു.
താന്‍ പ്രിവിലേജ്ഡ് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നില്ല. ഏതു വലിയ വലകളും പൊട്ടിക്കാന്‍ കെല്‍പ്പുള്ള വലിയ മീനുകള്‍ക്ക് പല ഭാഗത്തു നിന്നും പിന്തുണ ലഭിച്ചേക്കും. അതാണിപ്പോഴും കണ്ടത്.
ഇതിനിടെ നസിലിനെതിരേ പരാതി നല്‍കിയ സ്പോണ്‍സര്‍ മരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ മക്കള്‍ നസീലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കാന്‍ തയാറായതോടെയാണ് നസില്‍ ജയില്‍ മോചിതനാകുന്നത്. രണ്ടു വര്‍ഷത്തിലേറെയെടുത്തു നിയമനടപടികള്‍ തീര്‍പ്പാക്കാന്‍.
ജയില്‍ വാസത്തിനു ശേഷം ഒത്തു തീര്‍പ്പിന് തുഷാറിന്റെ കമ്പനി മുന്നോട്ടു വന്നിരുന്നു. നല്‍കാനുള്ള തുകയുടെ 10 ശതമാനം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. അഞ്ചു ശതമാനം പണവും അഞ്ചു ശതമാനം കാഷ് ചെക്കുമാണ് നല്‍കിയത്. എന്നാല്‍ ആ ചെക്കും പണമില്ലാതെ മടങ്ങി. തുഷാറിന്റെ കമ്പനിയില്‍ നിന്ന് പണം ലഭിക്കാത്ത നിരവധി കമ്പനികള്‍ വേറെയുമുണ്ട്. അവരില്‍ പലരും വമ്പന്‍മാര്‍ക്കെതിരേകേസുമായി മുന്നോട്ടുപോകാന്‍ ധൈര്യമില്ലാത്തതുകൊണ്ട് നഷ്ടം സഹിച്ച് ജീവിക്കുകയാണ്.
ഒത്തുതീര്‍പ്പിന് താന്‍ ഇനിയും തയാറാണ്. ഇവര്‍ എത്രമാത്രം ശക്തരാണ് എന്ന് വ്യക്തമായ ബോധ്യവുമുണ്ട്. പക്ഷെ നീതി ലഭിക്കും വരെ നിയമ നടപടികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."