ചാലില്‍ കടലാക്രമണം രൂക്ഷം
തലശ്ശേരി: ചാലില്‍, മട്ടാമ്പ്രം പ്രദേശങ്ങളില്‍ കടലാക്രമണ ഭീതിയില്‍ 200ഓളം കുടുംബങ്ങള്‍. മട്ടാമ്പ്രം ഇന്ദിരാപാര്‍ക്ക് മുതല്‍ ഗോപാലപേട്ട വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ഇന്നലെ രാവിലെ മുതല്‍ ഉണ്ടായ വേലിയേറ്റത്തില്‍ ചാലിലെ ഏതാനും വീടുകളില്‍ വെള്ളം കയറി. കുട്ടികളുടെ പഠനോപകരണങ്ങളും വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള രേഖകളും നശിച്ചു. തീരസംരക്ഷണ ഭിത്തി മറികടന്നാണ് കൂറ്റന്‍ തിരമാലകള്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലേക്ക് ഇരച്ചുകയറിയത്. ചാലില്‍ ഇന്ദിരാ പാര്‍ക്ക് മുതല്‍ ഉണക്കുമത്സ്യ ചാപ്പ വരെയുള്ള പ്രദേശത്തെ വീടുകളാണ് ഭീഷണിയിലായത്. ബദര്‍ പള്ളിക്ക് സമീപം ഇന്നലെ പകല്‍ ശക്തമായ തിരമാലകളാണ് അടിച്ചുയര്‍ന്നത്. മട്ടാമ്പ്രം മുതല്‍ ഗോപാലപേട്ട വരെയുള്ള ഭാഗങ്ങളില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്നുണ്ട്. മണലൂറ്റല്‍ കാരണമാണ് കടല്‍ പ്രക്ഷുബ്ധമാകുന്നതെന്ന് ദേശവാസികള്‍ പറയുന്നു. കടലാക്രമണ ഭീഷണിയുണ്ടായിട്ടും ഇവിടെയുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനോ അടിയന്തിര സഹായം എത്തിക്കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
കടല്‍ക്ഷോഭം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ തീരപ്രദേശം നേരിട്ട് സന്ദര്‍ശിക്കണമെന്നും മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്(എസ്.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പാലക്കല്‍ സാഹിര്‍ ആവശ്യപ്പെട്ടു.
ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും മത്സ്യബന്ധന തൊഴിലാളികളായതിനാല്‍ തീരം വിട്ടുപോകാന്‍ മനസുവരാതെ നില്‍ക്കുകയാണ്. ഇന്ദിരാ പാര്‍ക്കിനു സമീപത്ത് കടല്‍ ഭിത്തി കെട്ടല്‍ ആരംഭിച്ചെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ഉയരത്തില്‍ കടല്‍ ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ പ്രദേശവാസികളുടെ മുഴുവന്‍ വീടുകളും തിരമാലകള്‍ കവര്‍ന്നു കൊണ്ടുപോകുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."