വിടവാങ്ങിയത് കോഴിക്കോടിന്റെ 'മദര്‍ തെരേസ'
കോഴിക്കോട്: 'കുഷ്ഠരോഗികള്‍ക്കുള്ള സഹായം എത്തിക്കല്‍, ഫാത്തിമ ഹജ്ജുമ്മ 9947304441, നെല്ലിക്കാവ്പറമ്പ്, ലൈന്‍മുറി, പവിത്ര ഇന്‍ഡസ്ട്രീസിന് പിന്‍വശം, കല്ലായി- 673003'
ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയിലേക്ക് സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നല്‍കുന്ന വിലാസം ഇതായിരുന്നു. എന്നാല്‍ ഇനി ആ വിലാസത്തില്‍ സഹായമെത്തിക്കാന്‍ ഫാത്തിമ ഹജ്ജുമ്മയുണ്ടാവില്ല. ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയിലെ സമൂഹം അയിത്തം കല്‍പിച്ചു മാറ്റിനിര്‍ത്തപ്പെട്ട ഒരു കൂട്ടം നിസഹായര്‍ക്ക് താങ്ങും തണലുമേകിയ ഫാത്തിമ ഹജ്ജുമ്മ യാത്രയായി.
കോഴിക്കോട് കല്ലായി നെല്ലിക്കാപറമ്പില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. കല്ലായി പവിത്ര ഇന്‍ഡസ്ട്രീസിന് പിറകുവശത്തെ ലൈന്‍മുറിയിലെ ഒറ്റമുറി വീട്ടില്‍ തനിച്ച് താമസിച്ച ഹജ്ജുമ്മ മരണം വരെ ചേവായൂരിലെ ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു. കൊണ്ടോട്ടി മൊറയൂരിലെ സമ്പന്ന കുടുംബമായ യാരത്ത്പറമ്പ് തറവാട്ടിലാണ് ഫാത്തിമയുടെ ജനനം. വിവാഹം കഴിഞ്ഞ് പന്ത്രണ്ടാം വയസ് മുതലാണ് ഹജ്ജുമ്മ കോഴിക്കോട്ടുകാരിയായത്.
ഭര്‍തൃ വീട്ടിലായിരുന്ന ഹജ്ജുമ്മ കുഷ്ഠ രോഗിയായ ഭര്‍തൃ സഹോദരിയുടെ ചികിത്സാര്‍ഥം അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചേവായൂരിലെ കുഷ്ഠരോഗികളുടെ ശുശ്രൂഷയ്ക്കായി ബാസല്‍ മിഷന്‍ സ്ഥാപിച്ച ത്വക്ക് രോഗാശുപത്രിയിലെത്തുന്നത്. ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ സഹോദരിയെ കാണാന്‍ ദിവസവും ആശുപത്രിയിലെത്തുന്ന ഹജ്ജുമ്മ മറ്റു അന്തേവാസികളെയും സഹായിച്ചു തുടങ്ങി. മുന്‍പൊന്നും കുഷ്ഠം ബാധിച്ചവരെ ചേവായൂരിലെ കേന്ദ്രത്തില്‍ കൊണ്ടാക്കിയാല്‍ പിന്നെ കുടുംബങ്ങള്‍ തിരിഞ്ഞുനോക്കാറില്ലായിരുന്നു. നിസഹായതയും ദൈന്യതയും നിറഞ്ഞ ഒറ്റപ്പെട്ട ജീവിതത്തിനിടയില്‍ തന്റെ സഹോദരിയുടെ മരണ ശേഷവും ആശുപത്രിയിലെ അന്തേവാസികള്‍ക്ക് സ്‌നേഹവായ്പുകളുമായി ഹജ്ജുമ്മ ദിവസവും ആ ഗേറ്റ് കടന്നുചെല്ലുമായിരുന്നു.
ജാതി, മത ഭേദമന്യേ ഇവിടെയുള്ള അന്തേവാസികളുടെ വൃണങ്ങള്‍ കഴുകിയും മരണപ്പെട്ടവരെ കുളിപ്പിച്ചും അവര്‍ക്കു വേണ്ടിയുള്ള ഭക്ഷണ സാമഗ്രികള്‍ ശേഖരിച്ചും അവരിലൊരാളായി മാറി. രോഗത്തില്‍ നിന്ന് മുക്തി നേടുകയും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് സാന്ത്വനമേകിയും അവരെ തലോടിയും ഹജ്ജുമ്മ തന്റെ അവസാന കാലം വരെ ആശുപത്രിയില്‍ തന്നെ കഴിച്ചു കൂട്ടിയിരുന്നു. ദിനേന കല്ലായിയില്‍ നിന്നും ചേവായൂരിലേക്ക് അന്തേവാസികള്‍ക്കായി താന്‍ ശേഖരിച്ച സാധനങ്ങളും സമ്മാനങ്ങളും ചുമന്ന് ഒറ്റയ്ക്കായിരുന്നു ഹജ്ജുമ്മ പോയിരുന്നത്. എന്നാല്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി മകന്റെ ഓട്ടോയിലാണ് ഹജ്ജുമ്മയുടെ ആശുപത്രിയിലേക്കുള്ള യാത്ര.
ഫാത്തിമ ഹജ്ജുമ്മയുടെ നിശബ്ദ സേവനത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2011ല്‍ കോഴിക്കോട് ജില്ലാ എം.ഇ.എസ് യൂത്ത് വിങ്ങിന്റെ ഡോ. പി.കെ അബ്ദുല്‍ ഗഫൂര്‍ കാരുണ്യ പ്രതിഭാ പുരസ്‌കാരം, 2012ല്‍ കോഴിക്കോട്ട് നടന്ന 'തന്റേടം' ജെന്‍ഡര്‍ ഫെസ്റ്റില്‍ ആരോഗ്യ പരിരക്ഷയ്ക്കുള്ള മഹിളാ തിലകം അവാര്‍ഡ്, 2018ല്‍ സംബോധന കോഴിക്കോടിന്റെ സേവന പുരസ്‌കാരം, 2013ല്‍ സാമൂഹിക നീതി വകുപ്പിന്റെ ജനസഭയുടെ ഭാഗമായുള്ള ആദരം, ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ 2014ല്‍ വനിതാ ദിനത്തില്‍ നല്‍കിയ സ്‌നേഹോപഹാരം, സൊലൂഷ്യന്‍ കാലിക്കറ്റും 'കോഴിക്കോട്ടുകാര്‍' ഫെയ്‌സ്ബുക്ക് കൂട്ടായ്മയും നല്‍കിയ ഉപഹാരങ്ങള്‍, ഇവയെല്ലാം ഹജ്ജുമ്മയുടെ ജീവിത സുകൃതത്തിന് സമൂഹം നല്‍കിയ ആദരവും അംഗീകാരങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."