കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ പണം സ്വയം കണ്ടെത്തണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ ഉത്സാഹിക്കുന്ന സംസ്ഥാനങ്ങള്‍ അതിനുള്ള പണം സ്വന്തം വഴിക്ക് കണ്ടെത്താനും ശ്രമിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളിയതിനു പിറകെയാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന പുറത്തുവരുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പ്രഖ്യാപനം സൂചിപ്പിച്ചപ്പോഴാണ് അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുവിധ സഹായവുമുണ്ടാകില്ലെന്ന് അറിയിച്ചത്. ഇത്തരം നടപടികളിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങള്‍ സ്വന്തം സ്രോതസുകള്‍ വച്ചു തന്നെ അതിനുള്ള പണം കണ്ടെത്തണമെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഇതില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും പറയാനില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ കടം എഴുതിത്തള്ളാന്‍ നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വന്‍ കാര്‍ഷിക ഉല്‍പാദനത്തെ തുടര്‍ന്ന് ധാന്യങ്ങള്‍ക്കുണ്ടായ വിലയിടിവും കടബാധ്യതയും കാരണം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകസമരം രൂക്ഷമായിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതടക്കമുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ക്കാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന വലിയ തിരിച്ചടിയാകുക. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തും അടുത്ത വര്‍ഷം നടക്കുന്ന മധ്യപ്രദേശും വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കാണ് സാക്ഷിയായത്.
മന്ദ്‌സോറില്‍ പൊലിസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ സര്‍ക്കാര്‍ പൂര്‍ണമായി പ്രതിരോധത്തിലായിരിക്കുകയാണ്. തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉപവാസനാടകവുമായി രംഗത്തെത്തിയിരുന്നു. ഉപവാസം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കടങ്ങള്‍ എഴുത്തിത്തള്ളുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന പുറത്തുവന്നത്.
മധ്യപ്രദേശിനു സമാനമായി സംസ്ഥാനത്തെ കര്‍ഷകസമരം തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഞായറാഴ്ച മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ കടങ്ങള്‍ എഴുതിത്തള്ളിയത്. മഹാരാഷ്ട്രയിലെ 1.36 കോടി കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഏകദേശം 1.14 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യഘട്ടത്തില്‍ ചെറുകിട, ഭാഗിക കര്‍ഷകരുടെ കടങ്ങളാണ് എഴുതിത്തള്ളുന്നത്. ഇതിന് 30,000 കോടി രൂപയാകും.
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഈ വര്‍ഷം ആദ്യമായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ സംസ്ഥാനം. കര്‍ഷകസമരം മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ ചെറുകിട-ഭാഗിക കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനായി സര്‍ക്കാര്‍ 36,359 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കര്‍ഷകരെ അനുനയിപ്പിച്ച് സര്‍ക്കാര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
വായ്പ എഴുതിത്തള്ളല്‍; ബാധ്യത ആയേക്കുമെന്ന് വിദഗ്ധര്‍
മുംബൈ: കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ വായ്പ എഴുതിതള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം കനത്ത ബാധ്യതയായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. സംസ്ഥാനത്ത് 1.36 കോടി കര്‍ഷകരാണ് ബാങ്കുകളില്‍നിന്ന് വായ്പ എടുത്തിരിക്കുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും കൂടി 1.14 ലക്ഷം കോടി രൂപയാണ് തിരിച്ചടവുള്ളത്. ഇതെല്ലാം തിരിച്ചടക്കുന്നതോടുകൂടി നാല് ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയായിരിക്കും സംസ്ഥാനത്തിന് ഉണ്ടാവുകയെന്നാണ് കണക്കാക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് തുക 2.57 ലക്ഷം കോടി രൂപ മാത്രമാണ്. ഇതില്‍ 1.77 ലക്ഷം കോടി അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പ്രവൃത്തികള്‍ക്കായി ചെലവഴിക്കാനുള്ളതാണ്.
എന്നാല്‍ വായ്പ എഴുതിതള്ളുന്നത് സര്‍ക്കാരിന് ബാധ്യതയാകില്ലെന്നാണ് ധനകാര്യ മന്ത്രി സുധിര്‍ മുന്‍ഗാന്തിവാര്‍ പറയുന്നത്. അതേസമയം കടം എഴുതിതള്ളാന്‍ ചെലവഴിക്കുന്ന പണം ഏത് രീതിയില്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന ആശങ്കയും ധനകാര്യ മന്ത്രി മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട ശമ്പളം ഉള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലായേക്കുമെന്നുംആശങ്കയുണ്ട്. എന്നിരുന്നാലും വലിയ സംസ്ഥാനമായതുകൊണ്ട് പല വഴികളിലൂടെ പണം സ്വരൂപിക്കാമെന്ന കണക്കുകൂട്ടലിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."